അത്യാഹിത വാഹനങ്ങളെ പിന്തുടർന്നാൽ പിഴ; സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്
റിയാദ്: അത്യാഹിത വാഹനങ്ങൾ (Emergency Vehicles) അവയുടെ ദൗത്യം നിർവഹിക്കുന്നതിനിടയിൽ അവയെ പിന്തുടരുന്നത് നിയമലംഘനമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.
ഇത്തരം പെരുമാറ്റം ആംബുലൻസ്, രക്ഷാപ്രവർത്തന ടീമുകൾ എന്നിവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ജീവൻ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സംസ്‌കാരമില്ലാത്ത ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അത്യാഹിത വാഹനങ്ങൾ അവയുടെ പ്രത്യേക സൈറണുകൾ ഉപയോഗിച്ച് പോകുമ്പോൾ, അവയുടെ പിന്നാലെ പോകുന്നത് 500 റിയാൽ മുതൽ 900 റിയാൽ വരെ സാമ്പത്തിക പിഴ ചുമത്താൻ കാരണമാകുന്ന നിയമലംഘനമാണെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
അത്യാഹിത വാഹനങ്ങൾക്ക് റോഡിൽ മുൻഗണന നൽകേണ്ടത് ഒരു ദേശീയ കടമയും പൗരൻ്റെ ബോധവും ഉത്തരവാദിത്തവും പ്രതിഫലിപ്പിക്കുന്ന പെരുമാറ്റവുമാണ്.
ആംബുലൻസിൻ്റെയും രക്ഷാപ്രവർത്തനങ്ങളുടെയും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും, ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും, ഇത്തരം ദൗത്യങ്ങൾക്കിടയിൽ അധികൃതരുമായി സഹകരിക്കണമെന്നും ട്രാഫിക് വിഭാഗം ഡ്രൈവർമാരോട് അഭ്യർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
