ഗാസയിൽ മിസൈൽ വർഷിച്ച് ഇസ്രായേൽ യുദ്ധവിമാനങ്ങൾ; ആക്രമണം സ്ഥിരീകരിച്ച് ഗാസ സിവിൽ ഡിഫൻസ്
ശക്തമായ ആക്രമണത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതിന് പിന്നാലെ, ഇസ്രായേൽ സൈന്യം ഗാസ സിറ്റിയിൽ തുടർച്ചയായ വ്യോമാക്രമണങ്ങൾ ആരംഭിച്ചു.
ആക്രമണം നടത്താൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും ആക്രമണത്തിൻ്റെ പ്രത്യേക കാരണം വ്യക്തമാക്കിയിരുന്നില്ല.
റാഫയിലും പിന്നീട് ഖാൻ യൂനിസിലും വെടിവയ്പ്പുകളും സ്ഫോടനങ്ങളും നടന്നതായി റിപ്പോർട്ടുണ്ട്. ഇസ്രായേൽ സൈന്യം ഗാസ സിറ്റിയിലെ വിവിധ സ്ഥലങ്ങളെയാണ് ലക്ഷ്യമിട്ടത്.
പ്രവർത്തനം പുനരാരംഭിച്ച അൽ-ഷിഫാ ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങളിലൊന്നിന് പിന്നിലായി ഒരു മിസൈൽ പതിച്ചു. ഈ ആക്രമണത്തെ തുടർന്ന് ആശുപത്രിയിലെ രോഗികളും, മെഡിക്കൽ സ്റ്റാഫും പരിഭ്രാന്തരായി.
20 മിനിറ്റ് അകലെയായിട്ടും സ്ഫോടനത്തിൻ്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞതായി മാധ്യമ പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ 30 മിനിറ്റിലധികമായി ഗാസയുടെ ആകാശത്ത് ഡ്രോണുകൾ വട്ടമിട്ട് പറക്കുന്നതും വലിയ രീതിയിലുള്ള വ്യോമസേനയുടെ സാന്നിധ്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
