സൊഹ്റാന് മംദാനി; ചരിത്രത്തിലാദ്യമായി ന്യൂയോർക്കിന് ഒരു മുസ് ലിം മേയർ
വാഷിംങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന് മംദാനിയുടേത് ചരിത്രം തിരുത്തിയ വിജയമായി. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും കമ്യുണിസ്റ്റും മുസ് ലിമുമാണ് മംദാനി.
തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം സൊഹ്റാന് മംദാനിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുക്കാരൻ മേയറായി വിജയിച്ചാൽ ന്യൂയോര്‍ക്ക് നഗരത്തിന് അത് വലിയ വിപത്താകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നിരുന്നാലും പ്രവചനങ്ങളെല്ലാം മംദാനിക്ക് അനുകൂലമായിരുന്നു.
മംദാനി സ്ഥാനാര്‍ത്ഥിയായത് മുതല്‍ വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യത്തില്‍ എല്ലാ പരിധികളും ലംഘിച്ചായിരുന്നു ട്രംപിന്റെ ഇടപെടല്‍. എന്നാല്‍ ട്രംപിന്റെ വിദ്വേഷത്തിന്റെ മുനയൊടിച്ച് മംദാനി ജയിച്ച് വന്നതിനെ ജനാധിപത്യ-മതേതര വിശ്വാസികള്‍ ആഹ്ലാദത്തോടെയും ആശ്വാസത്തോടെയുമാണ് കാണുന്നത്. കാരണം അത്തരത്തിലുള്ള വിദ്വേഷ പ്രചാരണമാണ് ട്രംപും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയും മംദാനിക്കെതിരെ തൊടുത്തുവിട്ടത്.
ഈ ശരങ്ങളെല്ലാം ഏറ്റ് മംദാനി നടന്നു കയറിയത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. ന്യൂയോര്‍ക്കിന്റെ മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് മംദാനി. മാത്രവുമല്ല, ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ഈ പദവിയിലെത്തുന്ന ആദ്യ മുസ്ലിം, കമ്മ്യൂണിസ്റ്റ് മേയറാണ് 34കാരനായ സൊഹ്റാന് മംദാനി.
‘ന്യൂയോര്‍ക്കില്‍ മുസ്ലിമായിരിക്കുമ്പോള്‍ അപമാനത്തെ പ്രതീക്ഷിക്കണം’, എന്ന് രണ്ടാഴ്ച മുമ്പ് മംദാനി പറഞ്ഞിരുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ കര്‍ട്ടിസ് സ്ലിവ മംദാനി ജിഹാദിനെ പിന്തുണക്കുന്നയാളാണെന്ന പ്രചരണം നടത്തിയതിന് പിന്നാലെയായിരുന്നു മംദാനിയുടെ ഈ പ്രതികരണം. സ്ഥാനാര്‍ത്ഥിയായത് മുതല്‍ മുസ്ലിം മതവിശ്വാസിയായതിനാല്‍ മാത്രം മംദാനി എതിരാളികളില്‍ നിന്നും കേട്ടത് ഇത്തരത്തിലുള്ള വിദ്വഷത്തിന്റെ വാക്കുകളായിരുന്നു. മറ്റൊരു സെപ്റ്റംബര്‍ 11 ആക്രമണം നടന്നാല്‍ മംദാനി ആഹ്ലാദിക്കുമെന്നായിരുന്നു ന്യൂയോര്‍ക്കിന്റെ മുന്‍ ഗവര്‍ണറും മറ്റൊരു എതിര് സ്ഥാനാര്‍ത്ഥിയുമായ ആന്‍ഡ്രിയോ ക്യുമോ പറഞ്ഞത്. എതിര് സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ ‘തീവ്രവാദി’യായി ചിത്രീകരിച്ച ഒരു തെരഞ്ഞെടുപ്പിന് ശേഷം ആദ്യ മുസ്ലിം മേയറായി മംദാനി വരുന്നത് അമേരിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
ഇന്ത്യന്‍ വംശജയായ ചലച്ചിത്ര സംവിധായക മീര നയാറുടെയും ഉഗാണ്ടന്‍ അകാദമിക് വിദഗ്ധന്‍ മഹ്മൂദ് മംദാനിയുടെയും മകനാണ് മംദാനി. പുതിയ മേയര്‍ 2026 ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ന്യൂയോര്‍ക്കിൽ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് മംദാനി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
