Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ പാകിസ്ഥാൻ സ്വദേശി ഓടിച്ചിരുന്ന ഡെലിവറി ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രവാസി മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിൽ ഫുഡ് ഡെലിവറി ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ കർണാടക മംഗലാപുരം സ്വദേശി ഗണേഷ് കുമാർ മരണപ്പെട്ടു.

ഹുഫൂഫിലെ സെൻട്രൽ ഫിഷ് മാർക്കറ്റിൽ, കഴിഞ്ഞ 20 വർഷമായി അടുത്ത ബന്ധുവായ ജയന്റെ കടയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സഹോദരങ്ങളും ഇതേ കടയിൽത്തന്നെയാണ് ജോലി ചെയ്യുന്നത്.

പത്ത് ദിവസങ്ങൾക്ക് മുൻപ് ജോലിസ്ഥലത്ത് നിന്നും നടന്നു പോകുന്ന വഴി ഒരു ഡെലിവറി സർവീസ് കമ്പനിയിലെ പാകിസ്ഥാൻ സ്വദേശി ഓടിച്ചിരുന്ന ബൈക്ക് ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ ഗണേഷ് കുമാറിന് തലയ്ക്ക് സാരമായ പരിക്കേൽക്കുകയും ഉടൻ തന്നെ ഹസയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പരിക്കിന്റെ തീവ്രത കാരണം വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്ന അദ്ദേഹത്തിന് അതേ ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

ഭാര്യയും രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് കുടുംബം. എല്ലാവരുമായി സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ഗണേഷ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകരെയും പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് അൽ അഹ്‌സ കെ.എം.സി.സി പ്രവർത്തകർ നേതൃത്വം നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa