Friday, March 6, 2026
Saudi ArabiaSportsTop Stories

പശ്ചിമേഷ്യൻ വനിതാ ചാമ്പ്യഷിപ്പിൽ സൗദി ദേശീയ വനിതാ ഫുട്ബോൾ ടീം കാഴ്ചവെച്ചത് മിന്നുന്ന പ്രകടനം

ഒമ്പതാമത് പശ്ചിമേഷ്യൻ വനിതാ ചാമ്പ്യൻഷിപ്പിൽ സൗദി വനിതാ ദേശീയ ഫുട്‌ബോൾ ടീം കാഴ്ചവെച്ച പ്രകടനം രാജ്യത്തിൻ്റെ വനിതാ ഫുട്‌ബോൾ രംഗത്തെ ഒരു നാഴികക്കല്ലായി. ടൂർണമെൻ്റിൽ സെമിഫൈനലിൽ വരെ മുന്നേറിയ സൗദി വനിതകൾ ഒടുവിൽ നാലാം സ്ഥാനത്തോടെയാണ് തങ്ങളുടെ പങ്കാളിത്തം പൂർത്തിയാക്കിയത്.

ചാമ്പ്യൻഷിപ്പിൽ ഉടനീളം സൗദി ടീം ഉയർന്ന സാങ്കേതിക നിലവാരമാണ് പ്രകടിപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ നവംബർ 24 ന് ഇറാഖിനെ 2-1 ന് തോൽപ്പിച്ച് തുടങ്ങിയ സൗദി ടീം, നവംബർ 28 ന് നടന്ന മത്സരത്തിൽ യുഎഇയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് വിജയം നേടി. ഈ തകർപ്പൻ പ്രകടനത്തോടെ ടീം സെമിഫൈനലിലേക്ക് അർഹത നേടി.

സെമിയിലെ പോരാട്ടം: നവംബർ 30 ന് നടന്ന സെമിഫൈനൽ മത്സരത്തിൽ പലസ്തീനായിരുന്നു എതിരാളികൾ. മത്സരം സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. കടുത്ത പോരാട്ടത്തിനൊടുവിൽ സൗദി 3-4 എന്ന സ്കോറിന് തോൽവി സമ്മതിച്ചു.

മൂന്നാം സ്ഥാനത്തിനായുള്ള മത്സരം: ഡിസംബർ 2 ന് നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ വീണ്ടും ഇറാഖിനെ നേരിട്ടെങ്കിലും, ആ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ 2-4 ന് പരാജയപ്പെട്ടു.

മെഡൽ നേടാൻ സാധിച്ചില്ലെങ്കിലും, സൗദി വനിതാ ടീമിൻ്റെ സെമി പ്രവേശനം കളിക്കാരുടെ വളർന്നുവരുന്ന കായിക നിലവാരത്തെയും ആത്മവിശ്വാസത്തെയും പ്രതിഫലിക്കുന്നു. ടൂർണമെൻ്റിൽ ടീം പ്രകടിപ്പിച്ച ഉയർന്ന പോരാട്ടവീര്യം ഏറെ പ്രശംസ പിടിച്ചുപറ്റി.

“ഞങ്ങളുടെ കളിക്കാർ രാജ്യത്തെ വനിതാ ഫുട്‌ബോളിന് അഭിമാനകരമായ ചിത്രം നൽകി, ശക്തമായ മത്സരങ്ങൾ കാഴ്ചവെക്കാനുള്ള കഴിവ് അവർ തെളിയിച്ചു,” എന്ന് വനിതാ ഫുട്‌ബോൾ മാനേജ്‌മെൻ്റ് ഡയറക്ടർ ആലിയ ബിൻത് അബ്ദുൽ അസീസ് അൽ-റഷീദ് അഭിപ്രായപ്പെട്ടു.

വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ഈ മികച്ച പ്രകടനം, സൗദി അറേബ്യയിലെ വനിതാ ഫുട്‌ബോളിൻ്റെ ദ്രുതഗതിയിലുള്ള വളർച്ചയിൽ ഒരു സുപ്രധാന ചുവടുവെയ്പ്പായി കണക്കാക്കപ്പെടുന്നു. വരും മത്സരങ്ങൾക്കായി ടീം പരിശീലനം തുടരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa