സൗദിയിലെ ഈ എട്ട് മേഖലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു; ചില പ്രദേശങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം തുടരുന്ന സാഹചര്യത്തിൽ, ദേശീയ കാലാവസ്ഥാ കേന്ദ്രം 8 മേഖലകളിൽ വിവിധ തരത്തിലുള്ള മുന്നറിയിപ്പുകൾ (റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ) പുറപ്പെടുവിച്ചു. കനത്ത മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ, കാഴ്ചാപരിധി കുറയൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
🔴അതിതീവ്ര മുന്നറിയിപ്പ് (റെഡ് അലർട്ട്)
മദീന മുനവ്വറ മേഖലയിൽ അതീവ ഗുരുതരമായ കാലാവസ്ഥാ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മദീന നഗരം, ബദർ, ഖൈബർ, വാദി അൽ-ഫറഅ്, അൽ-മഹ്ദ്, അൽ-ഹനാക്കിയ, അൽ-ഈസ്, അൽ-ഉല, യൻബു ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ അതിശക്തമായ മഴ, ശക്തമായ കാറ്റ്, കാഴ്ചാപരിധി പൂർണ്ണമായും കുറയൽ, ആലിപ്പഴ വർഷം, മിന്നൽ പ്രളയം, ഇടിമിന്നൽ എന്നിവയാണ് പ്രതീക്ഷിക്കുന്നത്.
ഈ സാഹചര്യം രാവിലെ വരെ തുടരാൻ സാധ്യതയുണ്ട്. വടക്കൻ അതിർത്തികളിലെ റഫ്ഹ, അൽ-ഉവൈഖിലിയ എന്നിവിടങ്ങളിലും റെഡ് അലർട്ട് നിലനിൽക്കുന്നു. ഇവിടെയും ശക്തമായ മഴ, ശക്തമായ കാറ്റ്, കാഴ്ചാപരിധി കുറയൽ, ആലിപ്പഴം, മലവെള്ളപ്പാച്ചിൽ, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ട്.
🟠ശക്തമായ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്)
തബൂക്ക് മേഖലയിലെ ഉംലജ് ഗവർണറേറ്റിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഇടത്തരം മഴ, ശക്തമായ കാറ്റ്, കാഴ്ചാപരിധി കുറയൽ, താപനില കുറയൽ, മലവെള്ളപ്പാച്ചിൽ, ഇടിമിന്നൽ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഈ അവസ്ഥ രാവിലെ 11 മണി വരെ തുടരും.
ഹായിൽ മേഖലയിലെ അൽ-ഹാഇത്, അൽ-സുലൈമി, അൽ-ഗസാല, അൽ-ഷനാൻ, ബുഖ്ആ, സുമൈറ തുടങ്ങിയ ഗവർണറേറ്റുകളിലും ഓറഞ്ച് അലർട്ടാണ്. ഇവിടെ ഇടത്തരം മുതൽ ശക്തമായ മഴ, ശക്തമായ കാറ്റ്, കാഴ്ചാപരിധി കുറയൽ, മലവെള്ളപ്പാച്ചിൽ, ഇടിമിന്നൽ എന്നിവ രാവിലെ വരെ തുടരാൻ സാധ്യതയുണ്ട്.
ഖസീം മേഖലയിൽ ബുറൈദ, ഉനൈസ, അൽ-റാസ്, ഉഖ്‌ലത്ത് അൽ-സുഖൂർ, റിയാദ് അൽ-ഖബ്ര, അൽ-ബുകൈരിയ തുടങ്ങിയ നഗരങ്ങളിലും ഗവർണറേറ്റുകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്. ഇവിടെ ഇടത്തരം മഴ, ശക്തമായ കാറ്റ്, മലവെള്ളപ്പാച്ചിൽ, കാഴ്ചാപരിധി കുറയൽ, ഇടിമിന്നൽ എന്നിവ രാവിലെ ആരംഭിച്ച് ഉച്ച വരെ തുടരും.
🟡ജാഗ്രത മുന്നറിയിപ്പ് (യെല്ലോ അലർട്ട്)
മക്ക മേഖലയിൽ അൽ-അർദിയാത്ത് ഗവർണറേറ്റ് ഉൾപ്പെടെ യെല്ലോ അലർട്ട് നൽകി. ഇവിടെ നേരിയ മഴ, ശക്തമായ കാറ്റ്, കാഴ്ചാപരിധി കുറയൽ, ഇടിമിന്നൽ എന്നിവ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് രാത്രി 8 മണി വരെ തുടരാനാണ് സാധ്യത.
അസീർ മേഖലയിലെ അൽ-നമാസ്, തനൂമ, അൽ-മജാർദ, ബാരിഖ് എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്. ഇവിടെ നേരിയ മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ, കാഴ്ചാപരിധി കുറയൽ എന്നിവ ഉച്ച മുതൽ രാത്രി 8 മണി വരെ പ്രതീക്ഷിക്കുന്നു.
അൽ-ബാഹ മേഖലയിൽ അൽ-ബാഹ, അൽ-മന്ദഖ്, ബനി ഹസൻ, ഖൽവ, അൽ-ഹിജ്‌റ എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്. നേരിയ മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവ ഉച്ചയ്ക്ക് ആരംഭിച്ച് വൈകുന്നേരം അവസാനിക്കും. കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
