Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിലെ കാർഷിക-സമാന മേഖലകളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ

റിയാദ്: കാർഷിക, കന്നുകാലി വളർത്തൽ മേഖലയിലെ തൊഴിലാളികൾക്കും സമാന തസ്തികകളിലുള്ളവർക്കും, വീടുകളിലും സ്വകാര്യ ഫാമുകളിലും വ്യക്തിഗത തൊഴിലുടമകൾക്കായി ജോലി ചെയ്യുന്നവർക്കു അഥവാ അവരുടെ, കന്നുകാലികളെ മേയ്ക്കുന്നവർക്കും, (സ്ഥാപനങ്ങൾ ഒഴികെ), ഉള്ള  പുതുക്കിയ ചട്ടങ്ങൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ-രാജ്ഹി അംഗീകരിച്ചു.

വാർഷിക അവധി, ആഴ്ചതോറുമുള്ള അവധി എന്നിവയുൾപ്പെടെ തൊഴിലാളികൾക്ക് നിരവധി ആനുകൂല്യങ്ങൾ ചട്ടങ്ങളിൽ ഉൾപ്പെടുന്നു. ഓരോ വർഷത്തെ സേവനത്തിനും ജീവനക്കാർക്ക് കുറഞ്ഞത് 30 ദിവസത്തെ ശമ്പളത്തോടുകൂടിയ വാർഷിക അവധിക്ക് അർഹതയുണ്ട്. വാർഷിക അവധി ലഭിക്കുന്നതിന് മുമ്പ് തൊഴിൽ ബന്ധം അവസാനിച്ചാൽ, അഥവാ കരാർ അവസാനിച്ചുകഴിഞ്ഞാൽ അവർക്ക് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശമുണ്ട്. ദേശീയ ദിനത്തിനും സ്ഥാപക ദിനത്തിനും പുറമേ, റമദാൻ 29 മുതൽ ആരംഭിക്കുന്ന ഈദുൽ ഫിത്തറിനുള്ള നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ദിനങ്ങളും ആനുകൂല്യത്തിൽ ഉൾപ്പെടുന്നു.

കൂടാതെ, ഒരു തൊഴിലാളിയെ ഒരു ദിവസത്തിൽ 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കാൻ പാടില്ല,  ഭക്ഷണത്തിനും വിശ്രമത്തിനുമായി ഇടവേളയില്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇടവേള കൊടുക്കണം, ഈ വിശ്രമ ഇടവേള ജോലി സമയത്തിന്റെ ഭാഗമായി കണക്കാക്കും.

അധികമായി ജോലി ചെയ്യുന്ന മണിക്കൂറുകൾക്ക് തൊഴിലുടമ ജീവനക്കാരന്റെ അടിസ്ഥാന വേതനത്തിന്റെ 50% ന് തുല്യമായ ഓവർടൈം വേതനം നൽകണം. ജീവനക്കാർക്ക് കുറഞ്ഞത് 24 തുടർച്ചയായ മണിക്കൂർ ശമ്പളത്തോടെയുള്ള ആഴ്ചതോറുമുള്ള വിശ്രമ ദിനത്തിന് അർഹതയുണ്ട്, കൂടാതെ അവരുടെ ആഴ്ചതോറുമുള്ള വിശ്രമ ദിനത്തിൽ ജോലി ചെയ്യേണ്ടി വന്നാൽ മറ്റൊരു വിശ്രമ ദിനത്തിന് അർഹതയുണ്ട്.

ചട്ടങ്ങൾ അനുസരിച്ച്, 21 വയസ്സിന് താഴെയുള്ള തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനോ നിയമിക്കുന്നതിനോ, തൊഴിൽ കരാറിൽ വ്യവസ്ഥ ചെയ്യാത്ത ജോലി അവർക്ക് നൽകുന്നതിനോ, മറ്റുള്ളവരുടെ ജോലിക്ക് നിർബന്ധിക്കുന്നതിനോ, കരാറിലും റെസിഡൻസി പെർമിറ്റിലും വ്യക്തമാക്കിയിട്ടുള്ള തൊഴിലിന് പുറത്ത് അവരെ ജോലിക്ക് നിയോഗിക്കുന്നതിനോ തൊഴിലുടമകൾക്ക് വിലക്കുണ്ട്.

ജോലിസ്ഥലത്തിനകത്തോ പുറത്തോ തൊഴിലാളിക്ക് അനുയോജ്യമായ താമസസ്ഥലം, അനുയോജ്യമായ ഭക്ഷണമോ സാമ്പത്തിക അലവൻസോ, താമസസ്ഥലം ജോലിസ്ഥലത്തിന് അടുത്തല്ലെങ്കിൽ അനുയോജ്യമായ ഗതാഗത മാർഗ്ഗമോ സാമ്പത്തിക അലവൻസോ തൊഴിലുടമ നൽകണമെന്നും പ്രവേശന വിസ, റെസിഡൻസി പെർമിറ്റ്, എക്സിറ്റ്, റീഎൻട്രി എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ ഈടാക്കരുതെന്നും തൊഴിലാളിയുടെ പാസ്‌പോർട്ടോ തിരിച്ചറിയൽ രേഖകളോ സ്വകാര്യ വസ്തുക്കളോ സൂക്ഷിക്കരുതെന്നും ചട്ടങ്ങൾ നിഷ്‌കർഷിക്കുന്നു.

മരണമുണ്ടായാൽ തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനോ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനോ ഉള്ള അന്തിമ നടപടിക്രമങ്ങളുടെ ചെലവുകൾ വഹിക്കുന്നതിനും തൊഴിലുടമ ഉത്തരവാദിയാണ്. തൊഴിലാളികൾ അവരുടെ കുടുംബവുമായി ബന്ധപ്പെടുന്നതിൽ നിന്ന് തൊഴിലുടമ തടയരുത്. കൂടാതെ, റിക്രൂട്ട്‌മെന്റ് പ്രക്രിയയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഫീസോ ചെലവുകളോ തൊഴിലാളി നൽകേണ്ടതില്ല.

തൊഴിലാളി സമ്മതിച്ച വർക്ക് ഷെഡ്യൂൾ പാലിക്കണം, അത് നടപ്പിലാക്കുന്നതിൽ കൃത്യമായ ജാഗ്രത പാലിക്കണം, എല്ലാ മേൽനോട്ടവും നിർദ്ദേശങ്ങളും പാലിക്കണം, ജോലി പ്രകടനവുമായി ബന്ധപ്പെട്ട തൊഴിലുടമയുടെ ഉത്തരവുകൾ അനുസരിക്കണം, കൃത്യനിഷ്ഠ പാലിക്കണം, തൊഴിലുടമയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം, അത് മറ്റുള്ളവരോട് വെളിപ്പെടുത്തരുത്, എന്നിവയെല്ലാം ചട്ടങ്ങളിൽ പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്