Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ കനത്ത മഴ തുടരുന്നു; റിയാദിൽ ഒട്ടകങ്ങളുമായി പോയ ട്രക്ക് മലവെള്ളപ്പാച്ചിലിൽ പെട്ട് മറിഞ്ഞു

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. സിവിൽ ഡിഫൻസ് മുന്നറിയിപ്പിനെ തുടർന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് പഠനം ഓൺലൈൻ വഴിയാക്കി.

തലസ്ഥാനമായ റിയാദിനെയും മേഖലയിലെ ഗവർണറേറ്റുകളെയും ബാധിച്ച മഴക്കെടുതിയുടെ ഫലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വേഗത്തിൽ സമർപ്പിക്കാൻ റിയാദ് മേഖല ഗവർണർ ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും നിർദ്ദേശം നൽകി.

റിയാദ് നഗരത്തിന് വടക്കുള്ള വാദി അൽ-ത്വൂഖി റോഡിൽ ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഒട്ടകങ്ങളെ കയറ്റിപ്പോയ ട്രക്ക് മറിഞ്ഞു. പ്രദേശത്ത് കനത്ത മഴയെത്തുടർന്ന് വാദിയിൽ ജലപ്രവാഹം ശക്തമായതാണ് അപകടത്തിലേക്ക് നയിച്ചത്.

പ്രദേശം മണിക്കൂറുകളായി കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. ഇത് നിരവധി വാദികളിലും നീർച്ചാലുകളിലും വെള്ളപ്പൊക്കത്തിന് കാരണമായി. മഴയുടെ തീവ്രത വർദ്ധിക്കുമ്പോൾ വെള്ളപ്പൊക്ക സാധ്യതയുള്ള റോഡുകൾ മുറിച്ചുകടക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa