Friday, March 6, 2026
Saudi ArabiaTop Stories

നിർണ്ണായക നീക്കവുമായി കിരീടാവകാശി; സൗദിയിൽ വ്യാവസായിക മേഖലയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവി പൂർണ്ണമായും ഒഴിവാക്കി

സൗദി അറേബ്യയിലെ ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക ലെവി നിർത്തലാക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയത്.

കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സ് സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

നേരത്തെ താൽക്കാലികമായി നൽകിയിരുന്ന ഈ ഇളവാണ് ഇപ്പോൾ സ്ഥിരമായി ഒഴിവാക്കി ഉത്തരവിറക്കിയിരിക്കുന്നത്.

സൗദിയിലെ വ്യവസായ മേഖലയ്ക്ക് ഭരണകൂടം നൽകിവരുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്തെ ഫാക്ടറികളെ ശാക്തീകരിക്കാനും ആഗോളതലത്തിൽ അവയുടെ മത്സരക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കിരീടാവകാശി ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചത്.

സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്കുള്ള നിർണ്ണായകമായ ഒരു തന്ത്രപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള പ്രധാന തൂണുകളിലൊന്നാണ് വ്യവസായ മേഖല.

പുതിയ തീരുമാനത്തിലൂടെ വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയുന്നത് രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും സഹായിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa