Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ചെങ്കടലിലെ ദ്വീപിൽ ആഡംബര വില്ലകൾ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദി അറേബ്യയിലെ ചെങ്കടൽ തീരത്തുള്ള ആഡംബര വിനോദസഞ്ചാര കേന്ദ്രമായ ‘റെഡ് സീ ഇന്റർനാഷണലിൽ’ വീടുകൾ സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.

റെഡ് സീ പ്രോജക്റ്റിലെ അതിപ്രശസ്തമായ നുജുമ എന്ന റിസോർട്ടിലാണ് റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും രണ്ട് വില്ലകൾ വാങ്ങിയത്.

തീരത്തുനിന്ന് ഏകദേശം 26 കിലോമീറ്റർ അകലെ കടലിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ ദ്വീപുകളിലാണ് ഈ വില്ലകൾ. ബോട്ടിലോ സീപ്ലെയ്‌നിലോ മാത്രമേ ഇവിടെ എത്താൻ സാധിക്കൂ.

കുടുംബത്തോടൊപ്പം താമസിക്കാൻ മൂന്ന് കിടപ്പുമുറികളുള്ള ഒരു വില്ലയും, മറ്റാവശ്യങ്ങൾക്കായി രണ്ട് കിടപ്പുമുറികളുള്ള മറ്റൊരു വില്ലയുമാണ് ഇവർ സ്വന്തമാക്കിയത്. നുജുമയിലെ ആദ്യ ഉടമകളിൽ ഒരാളാണ് റൊണാൾഡോ.

ചെങ്കടൽ തീരത്തിന്റെ പ്രകൃതിഭംഗിയും അവിടെ അനുഭവപ്പെടുന്ന സമാധാനവുമാണ് തന്നെ ഇവിടേക്ക് ആകർഷിച്ചതെന്ന് റൊണാൾഡോ പറഞ്ഞു. 2023-ൽ റിസോർട്ടുകൾ തുറന്നതുമുതൽ ഇവർ സ്ഥിരമായി ഇവിടെ സന്ദർശനം നടത്താറുണ്ട്.

ആദ്യ സന്ദർശനത്തിൽ തന്നെ താനും ജോർജിനയും ഈ ദ്വീപുമായൊരു ആത്മബന്ധം തിരിച്ചറിഞ്ഞെന്നും, കുടുംബത്തിന് പൂർണ്ണമായ സ്വകാര്യതയോടെ സമയം ചെലവഴിക്കാൻ സാധിക്കുന്ന ഒരിടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഡംബരവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ചേർത്തുവെച്ചാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 100 ശതമാനവും പുനരുപയോഗ ഊർജ്ജത്തിലാണ് ഈ പ്രോജക്റ്റ് പ്രവർത്തിക്കുന്നത്.

പവിഴപ്പുറ്റുകളെയും കടൽ സസ്യങ്ങളെയും സംരക്ഷിച്ചുകൊണ്ട് 2040-ഓടെ പരിസ്ഥിതിയിൽ 30 ശതമാനം ഗുണപരമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യം. റൊണാൾഡോയെയും കുടുംബത്തെയും ഈ കമ്മ്യൂണിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് റെഡ് സീ ഇന്റർനാഷണൽ സിഇഒ ജോൺ പാഗാനോ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa