Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ബാങ്കിംഗ് സേവന നിരക്കുകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് സാമ; ഇടപാടുകൾക്ക് ചിലവ് കുറയും

സൗദി അറേബ്യയിലെ ബാങ്കിംഗ്, പേയ്‌മെന്റ് സേവനങ്ങളുടെ നിരക്കുകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് സൗദി സെൻട്രൽ ബാങ്ക്. പുതിയ നിരക്കുകൾ 60 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് പുതിയ ‘ഫീസ് ഗൈഡ്’ പുറത്തിറക്കിയത്.

സൗദിയിലെ എല്ലാ ബാങ്കുകൾക്കും പേയ്‌മെന്റ് കമ്പനികൾക്കും ഈ പുതിയ നിയമം ബാധകമായിരിക്കും. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സാധാരണക്കാർക്ക് സാമ്പത്തിക സേവനങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ.

പ്രധാനപ്പെട്ട മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

മദ (Mada) കാർഡ് സേവനങ്ങൾ: കാർഡ് നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്താൽ പുതിയത് എടുക്കുന്നതിനുള്ള ഫീസ് 30 റിയാലിൽ നിന്നും 10 റിയാലായി കുറച്ചു.

വിദേശ രാജ്യങ്ങളിലെ പണമിടപാടുകൾക്കുള്ള ഫീസ് ഇടപാട് തുകയുടെ പരമാവധി 2% ആയി നിജപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ മദ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ (GCC Net ഒഴികെ) തുകയുടെ 3%, പരമാവധി 25 റിയാൽ എന്നിങ്ങനെ പരിമിതപ്പെടുത്തി.

രാജ്യത്തിനുള്ളിലെ ഇലക്ട്രോണിക് ട്രാൻസ്ഫറുകൾക്ക് നിരക്ക് ഏകീകരിച്ചു. 2,500 റിയാൽ വരെയുള്ള കൈമാറ്റങ്ങൾക്ക് 0.5 റിയാലും, 2,500 മുതൽ 20,000 റിയാൽ വരെയുള്ളവയ്ക്ക് 1 റിയാലുമായിരിക്കും നിരക്ക്.

വ്യക്തിഗത വായ്പകൾക്കും, വാഹന വായ്പകൾക്കും ഈടാക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഫീസിന്റെ പരിധി പകുതിയായി കുറച്ചു. മുൻപ് ലോൺ തുകയുടെ 1% അല്ലെങ്കിൽ പരമാവധി 5,000 റിയാൽ ആയിരുന്ന ഫീസ്, ഇനി മുതൽ 0.5% അല്ലെങ്കിൽ പരമാവധി 2,500 റിയാൽ മാത്രമായിരിക്കും.

ബാങ്ക് ചെക്ക് ബുക്ക് ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ് 10 റിയാലിൽ നിന്ന് 5 റിയാലായി കുറച്ചു. ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ചെക്കിന്റെ കോപ്പി എടുക്കുന്നതിന് ഇനി 10 റിയാൽ മതി (മുൻപ് 20 റിയാൽ).

ബാങ്ക് ബ്രാഞ്ച് വഴി പണം കൈമാറാൻ സ്റ്റാൻഡിംഗ് ഓർഡർ നൽകുന്നതിന് 15 റിയാലിന് പകരം 5 റിയാൽ നൽകിയാൽ മതി. ഇത് റദ്ദാക്കുന്നതിന് ഫീസ് ഈടാക്കില്ല.

കടബാധ്യതയില്ലെന്ന സർട്ടിഫിക്കറ്റ് ആദ്യമായി വാങ്ങുമ്പോൾ ഫീസ് നൽകേണ്ടതില്ല. കൂടാതെ, ഒരു വർഷത്തിൽ കുറഞ്ഞ കാലയളവിലെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സൗജന്യമായി ലഭിക്കും.

ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള സ്റ്റേറ്റ്‌മെന്റുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്താൽ ഫീസ് നൽകേണ്ടതില്ല, എന്നാൽ ബ്രാഞ്ച് വഴി വാങ്ങുമ്പോൾ 15 റിയാൽ നൽകണം.

സൗദിയിലെ സാമ്പത്തിക മേഖലയിലെ സുതാര്യത വർദ്ധിപ്പിക്കാനും ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ ജനകീയമാക്കാനും ഈ പരിഷ്കാരം സഹായിക്കുമെന്ന് സാമ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa