സൗദിയിൽ കനത്ത മൂടൽമഞ്ഞും മഴയും: 7 മേഖലകളിൽ ജാഗ്രതാ നിർദ്ദേശം, വടക്കൻ അതിർത്തിയിൽ റെഡ് അലർട്ട്
സൗദി അറേബ്യയിലെ ഏഴ് പ്രവിശ്യകളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കനത്ത മൂടൽമഞ്ഞ്, നേരിയ മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിവിധയിടങ്ങളിൽ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചു.
ദൃശ്യപരിധി പൂർണ്ണമായും തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രധാന മേഖലകളിലെ കാലാവസ്ഥാ സൂചനകൾ താഴെ നൽകുന്നു:
വടക്കൻ അതിർത്തി മേഖലയിലെ തരീഫ്, റഫ്ഹ, അറാർ എന്നിവിടങ്ങളിലും അൽ-ജൗഫിലെ ഖുറയാത്ത്, തബർജൽ എന്നിവിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പുലർച്ചെ 1 മണി മുതൽ രാവിലെ 9 മണി വരെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടും. ഇവിടെ കാഴ്ചപരിധി ഒരു കിലോമീറ്ററിൽ താഴെയാകാൻ സാധ്യതയുണ്ട്.
ജിദ്ദ, ത്വാഇഫ്, ഖുൻഫുദ, ലൈത്ത്, റാബിഗ് എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ത്വാഇഫിൽ കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയുന്നതിനാൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
ദമ്മാം, ഖോബാർ, ജുബൈൽ, അൽ-അഹ്സ, ഹഫർ അൽ-ബാത്തിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുലർച്ചെ മുതൽ രാവിലെ 8 മണി വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ഇവിടെ ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകിയിട്ടുണ്ട്.
തെക്കൻ പ്രവിശ്യകളായ അബഹ, ഖമീസ് മുഷൈത്ത്, അൽ-ബാഹ, ജിസാൻ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ മൂടൽമഞ്ഞ് അനുഭവപ്പെടും. ജിസാനിലെ വിവിധ ഗവർണറേറ്റുകളിൽ രാത്രി 8 മണി വരെ കാലാവസ്ഥാ വ്യതിയാനം തുടരാൻ സാധ്യതയുണ്ട്.
മഴയും മൂടൽമഞ്ഞുമുള്ള സമയങ്ങളിൽ താഴ്വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും വിട്ടുനിൽക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
