നെസ്‌ലെയുടെ നാല് ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്
നെസ്‌ലെയുടെ നാല് പ്രധാന ബ്രാൻഡുകളിലുള്ള ഇൻഫന്റ് ഫോർമുല ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
NAN, ALFAMINO, S-26 GOLD, S-26 ULTIMA എന്നീ ബ്രാൻഡുകളിൽപ്പെട്ട ചില ബാച്ചുകളിലാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന വിഷാംശം കണ്ടെത്തിയത്.
‘ബാസിലസ് സെറസ്’ എന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ‘സെറൂലൈഡ്’ എന്ന വിഷാംശം ഈ ഉൽപ്പന്നങ്ങളിൽ കലരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് കുഞ്ഞുങ്ങളിൽ ഓക്കാനം, തുടർച്ചയായ ഛർദ്ദി, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
മുൻകരുതൽ നടപടിയെന്ന നിലയിൽ ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ കമ്പനിയുമായി ചേർന്ന് SFDA നടപടികൾ ആരംഭിച്ചു.
നിലവിൽ രാജ്യത്ത് ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചത് മൂലമുള്ള ഗുരുതരമായ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ അടിയന്തര നീക്കം.
ഈ ബ്രാൻഡുകളിലെ എല്ലാ പാക്കറ്റുകളും മോശമാണെന്നല്ല, മറിച്ച് കമ്പനി പുറത്തുവിട്ട പട്ടികയിലുള്ള പ്രത്യേക ബാച്ച് നമ്പറുകൾ ഉള്ള ഉല്പന്നങ്ങൾ മാത്രമാണ് പിൻവലിച്ചിരിക്കുന്നത്.
നിങ്ങളുടെ പക്കൽ ഈ ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഉടൻ നിർത്തുക. ഇവ സുരക്ഷിതമായി നശിപ്പിച്ചു കളയാനോ വാങ്ങിയ കടയിൽ തിരികെ നൽകാനോ ശ്രദ്ധിക്കുക.
കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അസ്വസ്ഥതകൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടുക. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ SFDA-യുടെ ഏകീകൃത നമ്പറായ 19999-ൽ വിളിച്ച് അറിയിക്കാവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
