മൂടൽമഞ്ഞും പൊടിക്കാറ്റും; സൗദിയിലെ 11 പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതികൂല കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ 11 പ്രവിശ്യകളിലാണ് ജാഗ്രതാ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ശക്തമായ കാറ്റ്, മണൽക്കാറ്റ്, ദൃശ്യപരിധി കുറയുന്ന അവസ്ഥ, മൂടൽമഞ്ഞ് എന്നിവയുണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മക്ക പ്രവിശ്യയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റിനും മണൽക്കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം വരെ തുടരുന്ന ഈ സാഹചര്യം ഹൈവേകളിലും തുറസ്സായ സ്ഥലങ്ങളിലും കാഴ്ചപരിധി കുറയ്ക്കാൻ കാരണമാകും.
അൽ-ബാഹ, മദീന മേഖലകളിലും സമാനമായ രീതിയിൽ ശക്തമായ കാറ്റും മണ്ണും ഉയർന്നേക്കാം. പ്രത്യേകിച്ച് മലയോര പാതകളിലൂടെയും മരുഭൂമിയിലൂടെയും യാത്ര ചെയ്യുന്നവർ കാഴ്ചപരിധി കുറയുന്നതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ മുതൽ മണൽക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരിധി ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല (നർതേൺ ബോർഡർ) എന്നിവിടങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന ശക്തമായ മണൽക്കാറ്റ് ഉണ്ടാകുമെന്നും ഇത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അസീർ മേഖലയിൽ ചൊവ്വാഴ്ച രാവിലെ വരെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അബഹ, ഖമീസ് മുഷൈത്ത് തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.
ഖസീം പ്രവിശ്യയിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ മണൽക്കാറ്റ് തുടരാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ വരെയായി ചുരുങ്ങും.
തബൂക്ക് മേഖലയിൽ മണിക്കൂറിൽ 50 മുതൽ 59 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശക്തമായ കാറ്റിനും തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച ഈ അവസ്ഥ ചൊവ്വാഴ്ച ഉച്ചവരെ തുടരും. ഹാഇൽ പ്രവിശ്യയിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം വരെ മണൽക്കാറ്റ് മൂലമുള്ള കാഴ്ച തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
