Friday, March 6, 2026
Saudi ArabiaTop Stories

നിയമലംഘകർക്ക് അഞ്ച് ലക്ഷം റിയാൽ പിഴയും തടവും; സൗദിയിൽ റെയിൽവേ സുരക്ഷാ അതിർത്തികൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

സൗദി അറേബ്യയിലെ റെയിൽവേ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യ റയിൽവേസ് (SAR) കർശന മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

റെയിൽവേ പാതകളിലേക്കോ അതിന്റെ സംരക്ഷിത അതിർത്തികളിലേക്കോ അതിക്രമിച്ചു കയറുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

റെയിൽവേ അതിർത്തി ലംഘിക്കുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവുശിക്ഷയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

ചില സാഹചര്യങ്ങളിൽ ഈ രണ്ട് ശിക്ഷകളും ഒരേസമയം ലഭിക്കാനും സാധ്യതയുണ്ട്. പൊതുമുതലിനും യാത്രക്കാരുടെ ജീവനും ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് സാർ വ്യക്തമാക്കി.

റെയിൽവേ പാതകൾ മുറിച്ചുകടക്കുന്നതും വേലികൾ നശിപ്പിക്കുന്നതും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഇത് ട്രെയിനുകളുടെ സുഗമമായ യാത്രയെ ബാധിക്കുമെന്ന് മാത്രമല്ല, ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുന്നു.

റെയിൽവേ ശൃംഖലയിലുടനീളം സുരക്ഷാ മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ‘അസ്‌ലം ലക്’ എന്ന പേരിൽ 2025-ലെ ആദ്യഘട്ട ഫീൽഡ് സേഫ്റ്റി ക്യാമ്പയിന് കഴിഞ്ഞ മാസം തുടക്കമായിരുന്നു.

റെയിൽവേ ട്രാക്കുകൾക്ക് സമീപം താമസിക്കുന്നവർക്കിടയിലും യാത്രക്കാർക്കിടയിലും സുരക്ഷിതമായ പെരുമാറ്റരീതികൾ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുൻവർഷങ്ങളിലെ ക്യാമ്പയിനുകൾ റെയിൽവേ പരിസരത്തെ അപകടകരമായ പ്രവണതകൾ കുറയ്ക്കാൻ ഏറെ സഹായിച്ചിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഈ ബോധവൽക്കരണ പരിപാടിയുടെ ആറാം പതിപ്പാണിത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa