സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; ഒരാളുടെ വ്യക്തിഗത വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറിയാൽ കനത്ത ശിക്ഷ, മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി വെളിപ്പെടുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ വ്യക്തിഗത വിവര സംരക്ഷണ നിയമത്തിന്റെ അടിസ്ഥാന തൂണുകളിൽ ഒന്നാണ് സ്വകാര്യത സംരക്ഷിക്കുക എന്നത്.
നിയമപരമായ അനുമതിയില്ലാതെ ഒരാളുടെ സ്വകാര്യ വിവരങ്ങൾ മറ്റൊരാൾക്ക് ലഭ്യമാക്കുന്നതോ, അത് ഉപയോഗിക്കാൻ അവസരം നൽകുന്നതോ കുറ്റകരമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഏതെങ്കിലും വിധത്തിൽ മറ്റൊരാളുടെ ഡാറ്റ കൈക്കലാക്കാനോ പരിശോധിക്കാനോ ശ്രമിക്കുന്നത് ഇതിന്റെ പരിധിയിൽ വരും.
ഒരാൾക്ക് ദോഷം വരുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയോ അല്ലെങ്കിൽ സ്വന്തം നേട്ടത്തിനായോ സെൻസിറ്റീവ് ആയ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും നേരിട്ടുള്ള ലംഘനമാണ്. ഇത്തരത്തിൽ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷകൾ നേരിടേണ്ടി വരും.
വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കാൻ വ്യക്തികളും സ്ഥാപനങ്ങളും തയ്യാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഡാറ്റ ചോർച്ചയിലേക്കോ ദുരുപയോഗത്തിലേക്കോ നയിക്കുന്ന രീതിയിലുള്ള പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കണം. സ്വന്തം വിവരങ്ങളും മറ്റുള്ളവരുടെ വിവരങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തേണ്ടത് അത്യാവശ്യമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
