പോലീസ് വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചു; ഭീകരവാദക്കേസിൽ പ്രതികളായ മൂന്ന് സൗദി പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി
സൗദി അറേബ്യയിൽ വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ട മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന് പുറത്തുള്ള ഭീകര സംഘടനകളിൽ അംഗങ്ങളാവുക, സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുക, ഭീകരവാദികൾക്ക് ഒളിത്താവളങ്ങൾ ഒരുക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾക്കാണ് ഇവർക്ക് വധശിക്ഷ നൽകിയത്.
ഹുസൈൻ ബിൻ സാലിം ബിൻ മുഹമ്മദ് അൽ-അമ്രി, സൗദ് ബിൻ ഹുലൈൽ ബിൻ സൗദ് അൽ-അനസി, ബസ്സാം മുഹ്സിൻ മരാൻ അൽ-സുബൈഇ എന്നീ മൂന്ന് സൗദി പൗരന്മാരുടെ ശിക്ഷയാണ് നടപ്പിലാക്കിയത്.
സുരക്ഷാ സേന പിടികൂടിയ ഇവരെ വിശദമായ അന്വേഷണത്തിന് ശേഷം പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു. കുറ്റകൃത്യങ്ങളിൽ ഇവരുടെ പങ്ക് വ്യക്തമായതോടെ കോടതി വധശിക്ഷ വിധിച്ചു.
ഈ വിധി പിന്നീട് ഉയർന്ന കോടതികൾ ശരിവെക്കുകയും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. 2026 ജനുവരി 18 ഞായറാഴ്ച (ഹിജ്റ 1447 രജബ് 29) റിയാദ് പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും നീതി നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
