ശക്തമായ മൂടൽമഞ്ഞും മഴയും; സൗദിയിലെ ഈ 10 പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞും മഴയും കാറ്റും തുടരുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
രാജ്യം അതിശൈത്യത്തിലൂടെ കടന്നുപോകുന്നതിനിടെ പത്തോളം പ്രവിശ്യകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം വരെ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യപരിധി പൂർണ്ണമായും തടസ്സപ്പെടുന്ന രീതിയിൽ കടുത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മക്ക പ്രവിശ്യയിലെ ത്വായിഫ്, അദം, മൈസാൻ, അൽ-ഷഫ തുടങ്ങിയ ഇടങ്ങളിലും അൽ-ബാഹ, അസീർ മേഖലകളിലെ അബഹ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലും കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെടും.
വടക്കൻ മേഖലകളായ അൽ-ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ ദൃശ്യപരിധി തീരെ കുറയാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മദീനയിലെ യാൻബു, റായിസ് എന്നിവിടങ്ങളിലും തബൂക്കിലെ ജബൽ അൽ-ലൗസിലും പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൂടൽമഞ്ഞിന് പുറമെ കിഴക്കൻ പ്രവിശ്യയിലും അസീറിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ദമ്മാം, ഖോബാർ, ദഹ്റാൻ, ജുബൈൽ, അൽ-അഹ്സ എന്നിവിടങ്ങളിൽ മണിക്കൂറിൽ 49 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
അൽ-അഹ്സ, നഈരിയ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം കൂട്ടിച്ചേർത്തു.
ശക്തമായ കാറ്റ് കാരണം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി 3 മുതൽ 5 കിലോമീറ്റർ വരെയായി കുറയാനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും ഹൈവേകളിലും യാത്ര ചെയ്യുന്നവർ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും വേഗത കുറയ്ക്കണമെന്നും ട്രാഫിക് വിഭാഗം പ്രത്യേക നിർദ്ദേശം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
