ഇഫ്താർ, തറാവീഹ്, ഇഅ്തികാഫ്; റമദാനിലേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം
വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്തെ പള്ളികളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
ആരാധകർക്ക് സൗകര്യപ്രദമായ രീതിയിൽ പള്ളികൾ സജ്ജമാക്കുന്നതിനും പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമാണ് മന്ത്രാലയത്തിന്റെ ഈ നടപടി.
റമദാൻ മാസത്തിൽ ഇമാമുമാരും മുഅദ്ദിൻമാരും ജോലിയിൽ പൂർണ്ണമായും കൃത്യനിഷ്ഠ പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ അവധി അനുവദിക്കില്ല.
ബാങ്ക് വിളികൾ ‘ഉമ്മുൽ ഖുറാ’ കലണ്ടർ പ്രകാരം കൃത്യസമയത്ത് തന്നെ നിർവ്വഹിക്കണം. ഇശാ ബാങ്കിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് മാത്രമേ നമസ്കാരം ആരംഭിക്കാവൂ എന്നും ഫജർ നമസ്കാരത്തിനും ഇതേ സമയം പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
നമസ്കാരവും പ്രാർത്ഥനയും തറാവീഹ് നമസ്കാരത്തിൽ വിശ്വാസികളുടെ സാഹചര്യം പരിഗണിച്ചു വേണം സമയം ക്രമീകരിക്കാൻ. അവസാന പത്തിലെ തഹജ്ജുദ് നമസ്കാരം ഫജർ ബാങ്കിന് മുൻപായി പൂർത്തിയാക്കണം.
പ്രാർത്ഥനകളിൽ (ഖുനൂത്ത്) അമിതമായ ദൈർഘ്യമോ വായ്ത്താരികളോ ഒഴിവാക്കി പ്രവാചകൻ പഠിപ്പിച്ച മാതൃകയിലുള്ള ചുരുങ്ങിയതും അർത്ഥവത്തുമായ പ്രാർത്ഥനകൾക്ക് പ്രാധാന്യം നൽകണം.
ക്യാമറകൾക്കും തത്സമയ സംപ്രേക്ഷണത്തിനും വിലക്ക്, പള്ളികളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നമസ്കരിക്കുന്നവരുടെയോ ഇമാമിന്റെയോ ദൃശ്യങ്ങൾ പകർത്തുന്നതിനോ സോഷ്യൽ മീഡിയ വഴിയോ മറ്റേതെങ്കിലും മാധ്യമങ്ങൾ വഴിയോ നമസ്കാരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനോ അനുമതിയില്ല.
പള്ളികൾക്കുള്ളിൽ ഇഫ്താർ സംഘടിപ്പിക്കാൻ പാടില്ല. ഇതിനായി പള്ളികളുടെ അങ്കണത്തിലോ അനുയോജ്യമായ തുറസ്സായ സ്ഥലങ്ങളിലോ സൗകര്യം ഒരുക്കണം.
ഇഫ്താറിന് ശേഷം ഉടൻ തന്നെ സ്ഥലം വൃത്തിയാക്കണമെന്നും ഇതിന്റെ ഉത്തരവാദിത്തം ഇമാമിനും മുഅദ്ദിനുമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പള്ളികളിൽ സംഭാവനകൾ സ്വീകരിക്കുന്നതിനും ഇഫ്താറിനായി പണം പിരിക്കുന്നതിനും വിലക്കുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
