ഇന്ന് മുതൽ ഞായറാഴ്ച വരെ സൗദിയിലെ ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും; വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത
സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇന്ന് മുതൽ ഞായറാഴ്ച വരെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മഴയ്ക്കൊപ്പം മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയുള്ള ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖലകൾ, ഹാഇൽ, ഖസീം, മദീന എന്നീ പ്രവിശ്യകളിൽ ഇടവിട്ടുള്ള ഇടത്തരം മുതൽ ശക്തമായ മഴ വരെ ലഭിക്കാൻ സാധ്യതയുണ്ട്.
തബൂക്ക് മേഖലയിൽ തബൂക്ക് സിറ്റി, നിയോം, ഹഖ്ല്, ഉംലജ്, ദുബ എന്നീ പ്രദേശങ്ങളിലും, മദീന മേഖലയിൽ മദീന നഗരം, യാമ്പു, ഖൈബർ, ബദർ എന്നിവിടങ്ങളിലും, ഖസീം മേഖലയിലെ ബുറൈദ, ഉനൈസ, അൽ-റസ്, വടക്കൻ മേഖലകയിലെ അറാറ്, റഫ്ഹ, സകാക്ക, ദൂമത്തുൽ ജന്ദൽ എന്നിവിടങ്ങളിലുമാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്.
റിയാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലും, കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ഖത്തീഫ്, അൽ-അഹ്സ, ജുബൈൽ, ഹഫർ അൽ-ബാത്തിൻ എന്നിവിടങ്ങളിലും ലഘുവായതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
മക്ക പ്രവിശ്യയിൽ മക്ക നഗരം, ജിദ്ദ, റാബിഘ്, ഖുലൈസ് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കടൽ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
സിവിൽ ഡിഫൻസ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
