Friday, March 6, 2026
Saudi ArabiaTop Stories

വിവാഹം ഒഴിവാക്കുന്ന പ്രവണതയ്‌ക്കെതിരെ ജാഗ്രത; മഹർ കുറച്ച് യുവാക്കളെ വിവാഹത്തിന് പ്രോത്സാഹിപ്പിക്കാൻ സൗദിയിലെ പള്ളികളിൽ ആഹ്വാനം

വിവാഹങ്ങൾ ലളിതമാക്കാനും വിവാഹത്തിന് തടസ്സമാകുന്ന രീതിയിലുള്ള അമിതമായ മഹർ, ആഡംബരങ്ങൾ എന്നിവ ഒഴിവാക്കാനും ആഹ്വാനം ചെയ്ത് സൗദി അറേബ്യയിലെ വിവിധ പള്ളികളിലെ ഖത്തീബുമാർ.

ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ ഭൂരിഭാഗം പള്ളികളിലും വെള്ളിയാഴ്ച ഇതേ വിഷയത്തിലായിരുന്നു പ്രഭാഷണങ്ങൾ നടന്നത്.

സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചരണങ്ങൾ വിവാഹബന്ധങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതും വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് കഴിയുന്നതാണ് നല്ലതെന്ന് വരുത്തിത്തീർക്കുന്നതുമായ സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെയും പള്ളികളിൽ നിന്ന് മുന്നറിയിപ്പ് നൽകി.

വിവാഹം സുഗമമാക്കുന്നതിലൂടെ യുവാക്കൾക്കിടയിലെ അനാവശ്യ ഭയവും പ്രയാസങ്ങളും ഇല്ലാതാക്കാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണമെന്ന് ഖത്തീബുമാർ ഓർമ്മിപ്പിച്ചു.

ആചാരങ്ങളുടെയോ അന്തസ്സിന്റെയോ പേരിൽ അമിതമായ നിബന്ധനകൾ വെക്കുന്നത് വഴി യുവാക്കൾ വിവാഹത്തിൽ നിന്ന് പിന്തിരിയുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

വിവാഹ വിരുന്നുകളിലെ അമിതമായ ധൂർത്തും വലിയ കടബാധ്യതകൾ വരുത്തിവെക്കുന്ന ആഡംബരങ്ങളും ഇസ്‌ലാമിക വിരുദ്ധമാണെന്ന് പ്രഭാഷണങ്ങളിൽ ചൂണ്ടിക്കാട്ടി.

ഇത്തരം പ്രവണതകൾ പ്രകൃതിവിരുദ്ധമാണെന്നും കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും ഖത്തീബുമാർ ഓർമ്മിപ്പിച്ചു.

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട യുവാക്കളെ സദഖയിലൂടെയോ സക്കാത്തിലൂടെയോ സഹായിക്കുന്നത് വലിയ പുണ്യമാണെന്നും ഇത് സമൂഹത്തിൽ സമാധാനവും സുരക്ഷയും വർദ്ധിപ്പിക്കുമെന്നും പ്രഭാഷകർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa