Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ കുടുംബം മുഴുവൻ നഷ്ടപ്പെട്ട വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സുഡാനി പെൺകുട്ടിയുടെ പുതിയ വീഡിയോ പുറത്ത്; സ്പോൺസർ ചെയ്യാൻ നിരവധി പേർ രംഗത്ത്

സൗദി അറേബ്യയിലെ ഖസീമിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കുടുംബം മുഴുവൻ നഷ്ടപ്പെട്ട്, മരണമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സുഡാനി പെൺകുട്ടി അലനൂദിന്റെ ഏറ്റവും പുതിയ വീഡിയോ പുറത്തുവന്നു.

ആശുപത്രി കിടക്കയിൽ നിന്നും പുഞ്ചിരിയോടെ സംസാരിക്കുന്ന അലനൂദിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.

കഴിഞ്ഞ ഒക്ടോബറിൽ ഖസീമിലുണ്ടായ വാഹനാപകടത്തിൽ അലനൂദിന്റെ മാതാപിതാക്കളും സഹോദരങ്ങളും മരണപ്പെട്ടിരുന്നു. അപകടത്തിൽ ഈ കൊച്ചു മിടുക്കി മാത്രമാണ് ജീവനോടെ ബാക്കിയായത്.

ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുമ്പോൾ, ആരോരുമില്ലാത്ത തനിക്കും മുത്തശ്ശിക്കും സൗദിയിൽ താമസിക്കാൻ അനുമതി നൽകണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോട് അഭ്യർത്ഥിക്കുന്ന അലനൂദിന്റെ വീഡിയോ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

വീഡിയോ കണ്ട് ഖസീം ഗവർണർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സൗദ് രാജകുമാരൻ തന്നെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ച വിവരം അലനൂദ് പുതിയ വീഡിയോയിൽ പറയുന്നു.

ഉറ്റവർ നഷ്ടപ്പെട്ട വേദനയിലും തന്നെ ചേർത്തുപിടിച്ച സൗദി ഭരണകൂടത്തോടുള്ള നന്ദിയാണ് അലനൂദ് പുതിയ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടും തന്നെ സഹായിച്ച സൗദി ജനതയോടും അവൾ നന്ദി പറഞ്ഞു.

ഖസീമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലനൂദിന് ഭരണകൂടത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മികച്ച ചികിത്സയും മാനസിക പിന്തുണയുമാണ് നൽകിവരുന്നത്.

വീഡിയോ കണ്ട് നിരവധി പ്രമുഖരും, ബിസിനസുകാരും, സ്പോൺസർ ചെയ്യാനായി മുന്നോട്ടു വന്നിട്ടുണ്ട്. ദൈവം അവളുടെ തകർന്ന ഹൃദയം സുഖപ്പെടുത്തുകയും അവൾക്ക് നന്മ നൽകുകയും ചെയ്യട്ടെ എന്ന പ്രാർത്ഥനകകൾ കമന്റ്‌ ബോക്സുകളിൽ നിറഞ്ഞു.

മരണത്തെ തോൽപ്പിച്ച ഈ പുഞ്ചിരി സൗദി അറേബ്യയിലുടനീളമുള്ള മാനുഷിക മൂല്യങ്ങളുടെയും സ്നേഹത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. അനലൂദിന്റെ വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa