ആശുപത്രിയിൽ നേരിട്ടെത്തി അമീർ; അലനൂദിനെ ചേർത്ത് പിടിച്ച് സൗദി ഭരണകൂടം
സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയെ നടുക്കിയ വാഹനാപകടത്തിൽ കുടുംബാംഗങ്ങളെല്ലാം നഷ്ടപ്പെട്ട സുഡാനി പെൺകുട്ടി അലനൂദ് അബ്ദുള്ളക്ക് നേരിട്ട് സാന്ത്വനമേകി ഖസീം അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സൗദ് രാജകുമാരൻ.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലനൂദിനെ നേരിട്ടെത്തി സന്ദർശിച്ച അദ്ദേഹം കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുകയും ആശ്വാസം പകരുകയും ചെയ്തു.
അലനൂദ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയ അമീർ, കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ചു. വിദഗ്ധരായ ഡോക്ടർമാരുമായി സംസാരിച്ച അദ്ദേഹം, അലനൂദിന് ആവശ്യമായ ഏറ്റവും മികച്ച വൈദ്യസഹായവും അതോടൊപ്പം തന്നെ മാനസികമായ പിന്തുണയും (Psychological care) ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകി.
രാജ്യത്ത് കഴിയുന്ന എല്ലാവർക്കും മാനുഷികമായ പരിഗണനയും ആരോഗ്യപരിരക്ഷയും നൽകുക എന്നത് സൗദി ഭരണകൂടത്തിന്റെ നയമാണെന്ന് അദ്ദേഹം ഈ സന്ദർഭത്തിൽ ഓർമ്മിപ്പിച്ചു.
2025 ഒക്ടോബറിലായിരുന്നു അലനൂദിന്റെ ജീവിതം മാറ്റിമറിച്ച ആ ദാരുണമായ അപകടം നടന്നത്. ഖസീമിന് സമീപമുണ്ടായ കാറപകടത്തിൽ അലനൂദിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരും മരണപ്പെട്ടു.
അപകടസ്ഥലത്തുനിന്നും എയർ ആംബുലൻസ് വഴിയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അലനൂദിനെ ആശുപത്രിയിലെത്തിച്ചത്. മാസങ്ങൾ നീണ്ട വിദഗ്ധ ചികിത്സയിലൂടെയാണ് ഈ കൊച്ചു മിടുക്കി ഇപ്പോൾ ജീവിതത്തിലേക്ക് മടങ്ങിവരുന്നത്.
നേരത്തെ, ഖസീം അമീർ തന്നെ ഫോണിൽ വിളിച്ച് സംസാരിച്ച വിവരം അലനൂദ് വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ അദ്ദേഹം നേരിട്ടെത്തുക കൂടി ചെയ്തതോടെ ആ പെൺകുട്ടിക്ക് ലഭിക്കുന്ന സുരക്ഷയും കരുതലും ഇരട്ടിയായിരിക്കുകയാണ്. ഉറ്റവർ നഷ്ടപ്പെട്ട വേദനയിലും സൗദി ഭരണകൂടം നൽകുന്ന ഈ വലിയ കരുതലിന് അലനൂദ് നന്ദി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
