Friday, March 6, 2026
Saudi ArabiaTop Stories

ജാഗ്രത! സൗദിയിലെ പ്രധാന നഗരങ്ങളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ്; വിവിധയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളടക്കം വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

റിയാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മഴയും കനത്ത മൂടൽമഞ്ഞും തുടരുമെന്നും കേന്ദ്രം അറിയിച്ചു.

റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, മക്ക, മദീന, തബൂക്ക് എന്നീ മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

പൊടിപടലങ്ങൾ ഉയരുന്നത് കാരണം റോഡുകളിൽ കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണം. പ്രത്യേകിച്ച് ഷറൂറ മേഖലയിൽ മണൽക്കാറ്റിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജിസാൻ, അസീർ പ്രവിശ്യകളിൽ നേരിയ മഴയ്ക്കും പുലർച്ചെ സമയങ്ങളിൽ കടുത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ഇത് മലയോര മേഖലകളിലെ ഗതാഗതത്തെ ബാധിച്ചേക്കാം.

അതേ സമയം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ താപനില വീണ്ടും കുറഞ്ഞു. ഹായിൽ, ഖുറയ്യാത് എന്നിവിടങ്ങളിൽ 1 ഡിഗ്രി, തുറൈഫിൽ 3 ഡിഗ്രി, റിയാദിലും തബൂക്കിലും 6 ഡിഗ്രി, അബഹ 7 ഡിഗ്രി, ദമ്മാം 9 ഡിഗ്രി, മദീന 10 ഡിഗ്രി എന്നിങ്ങനെയാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

വടക്കൻ, മധ്യ ഭാഗങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റിനും തെക്കൻ ഭാഗത്ത് തെക്ക് കിഴക്കൻ കാറ്റിനും സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെയാകാം. തിരമാലകൾ 2 മീറ്റർ വരെ ഉയർന്നേക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa