സൗദിയിലുള്ളവർ ഈ മാസത്തിന്റെ തുടക്കത്തിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കാര്യങ്ങൾ ഇവയാണ്; ഗൂഗിൾ സേർച്ച് റിപ്പോർട്ട് പുറത്ത്
പുതുവർഷാരംഭത്തിൽ സ്വയം മെച്ചപ്പെടുത്താനും പുതിയ കഴിവുകൾ നേടിയെടുക്കാനുമുള്ള ആവേശത്തിലാണ് സൗദി അറേബ്യയിലെ ജനങ്ങളെന്ന് ഗൂഗിൾ സെർച്ച് ട്രെൻഡുകൾ വ്യക്തമാക്കുന്നു.
2026 ജനുവരി മാസത്തിലെ തിരച്ചിൽ ഫലങ്ങൾ വിശകലനം ചെയ്തപ്പോഴാണ് വ്യക്തിത്വ വികസനം, ലാംഗ്വേജ് ലേണിംഗ്, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ സൗദി ഉപഭോക്താക്കൾ വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്നതായി കണ്ടെത്തിയത്.
പുതുവർഷത്തിൽ പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിന്റെ ഭാഗമായി “പുതുവർഷ തീരുമാനങ്ങൾ” (New Year’s Resolutions) എന്ന വാചകം ജനുവരിയിൽ ഗൂഗിളിൽ തിരഞ്ഞവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി.
തങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും പുതിയ അറിവുകൾ നേടാനും സൗദിയിലുള്ള യുവാക്കൾ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ജപ്പാനീസ് ഭാഷ എങ്ങനെ പഠിക്കാം? ഇംഗ്ലീഷ് പഠിക്കാനുള്ള വഴികൾ, സി (C) ലാംഗ്വേജ്, ഓഹരി വ്യാപാരം, അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ സ്കില്ലുകൾ, കാലിഗ്രാഫി എന്നിവ എങ്ങനെ പഠിക്കാം? എന്നിവയും സേർച്ച് ലിസ്റ്റിൽ ഉൾപ്പെടുന്നു.
മികച്ച ആരോഗ്യം, സാമൂഹിക ഇടപെടൽ എന്നിവയ്ക്കായി ദൈനംദിന ശീലങ്ങൾ പരിഷ്കരിക്കാനും സൗദിയിലെ ആളുകൾ ശ്രമിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഉറക്കത്തിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താം? ആരോഗ്യകരമായ ഭക്ഷണക്രമം, പൊതുവേദിയിലെ സംസാരം, സംഭാഷണ ശൈലി, ഖുർആൻ പാരായണം എന്നിവ ഉൾപ്പെടുന്നു.
ഭാവിയിലെ തൊഴിൽ മേഖലകളെക്കുറിച്ചും പുതിയ കരിയർ സാധ്യതകളെക്കുറിച്ചും ജനുവരിയിൽ വലിയ തോതിൽ തിരച്ചിലുകൾ നടന്നു.
എങ്ങനെ ഒരു ഗ്രാഫിക് ഡിസൈനറാകാം? എങ്ങനെ ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമാകാം? മൊബൈൽ ക്യാമറ ഉപയോഗിച്ച് എങ്ങനെ പ്രൊഫഷണൽ വീഡിയോ നിർമ്മാതാവാകാം? എങ്ങനെ ഒരു കവിയാകാം എന്നിവയാണ് തിരഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
