Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ഇന്ത്യക്കാരും പാകിസ്താനികളുമടങ്ങുന്ന 15 അംഗ സംഘം പിടിയിൽ; 23 വാഹനങ്ങൾ പരിസ്ഥിതി സുരക്ഷാ സേന പിടികൂടി

സൗദി അറേബ്യയിൽ ഇന്ത്യക്കാരും പാകിസ്ഥാനികളുമടക്കം 15 വിദേശികളെ പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേന പിടികൂടി.

പിടിയിലായവരിൽ ഇന്ത്യക്കാർക്ക് പുറമെ പാകിസ്ഥാൻ, എത്യോപ്യ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. റിയാദ് മേഖലയിൽ പ്രകൃതിവിഭവങ്ങൾ അനധികൃതമായി ചൂഷണം ചെയ്തതിനാണ് ഇവരെ പിടികൂടിയത്.

മണ്ണ് നീക്കം ചെയ്യാനും കടത്താനുമായി ഉപയോഗിച്ചിരുന്ന 23 ഉപകരണങ്ങളും വാഹനങ്ങളും അധികൃതർ സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.

ഇവർക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് സുരക്ഷാസേന വ്യക്തമാക്കി. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ഒത്തുതീർപ്പില്ലാത്ത നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ പ്രകൃതിവിഭവങ്ങൾക്കും പരിസ്ഥിതിക്കും ആഘാതം സൃഷ്ടിക്കുന്ന രീതിയിലുള്ള മണ്ണ് മാന്തൽ, മണൽ കടത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സൗദി അറേബ്യ.

പരിസ്ഥിതിക്കോ വന്യജീവികൾക്കോ എതിരെ നടക്കുന്ന ഏതൊരു നീക്കവും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്ന് സുരക്ഷാസേന പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഉള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ 999, 996 എന്നീ നമ്പറുകളിലുമാണ് വിവരം അറിയിക്കേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa