Friday, March 6, 2026
Saudi ArabiaTop Stories

ജിദ്ദയിൽ ആയിരത്തിലധികം കിലോ ചീഞ്ഞ മൽസ്യം പിടിച്ചെടുത്തു; മൽസ്യവില്പനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വ്യാപക പരിശോധന

ജിദ്ദയിലെ മത്സ്യമാർക്കറ്റുകളിൽ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നടത്തിയ വൻ പരിശോധനയിൽ ഒരു ടണ്ണിലധികം പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു.

ജിദ്ദയിലെ സെൻട്രൽ ഫിഷ് മാർക്കറ്റ്, കോൾഡ് സ്റ്റോറേജുകൾ, മത്സ്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ 1,110 കിലോഗ്രാം മത്സ്യമാണ് പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചത്.

മത്സ്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിലെ അപാകതകളും പാക്കിംഗിലെ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതും ഉൾപ്പെടെ സെൻട്രൽ ഫിഷ് മാർക്കറ്റിൽ മാത്രം 738 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മക്ക പ്രവിശ്യയിൽ മന്ത്രാലയം 3,132 തവണ പരിശോധനകൾ നടത്തി, 240 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 10 ടൺ മത്സ്യവും പച്ചക്കറിയും പിടിച്ചെടുത്തു.

പരിശോധനയ്ക്കിടയിൽ പിടിച്ചെടുത്തവയിൽ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിയ അര ടണ്ണോളം ഉൽപ്പന്നങ്ങൾ പരിശോധനകൾക്ക് ശേഷം സന്നദ്ധ സംഘടനകൾക്ക് (Charity) കൈമാറി. ബാക്കിയുള്ളവ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചു നശിപ്പിച്ചു.

നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് മക്ക പ്രവിശ്യയിലെ മന്ത്രാലയ ഡയറക്ടർ ജനറൽ എഞ്ചിനീയർ വലീദ് അൽ ദഗീസ് വ്യക്തമാക്കി.

വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിക്ഷേപകർ നിയമങ്ങളും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa