Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കോടതിയുടെ നിർണ്ണായക വിധി

സൗദി അറേബ്യയിൽ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സുപ്രധാന വിധി പ്രഖ്യാപിച്ച് ലേബർ അപ്പീൽ കോടതി.

ശമ്പളം നൽകുന്നതിൽ സ്ഥാപനം വീഴ്ച വരുത്തിയാൽ, മുൻകൂട്ടി നോട്ടീസ് നൽകാതെ തന്നെ ജോലി ഉപേക്ഷിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

സൗദി തൊഴിൽ നിയമത്തിലെ 81-ാം വകുപ്പ് പ്രകാരം, തൊഴിലുടമ കരാറിലെ അടിസ്ഥാനപരമായ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ, യാതൊരുവിധ പിഴകളും ശിക്ഷാ നടപടികളും ഭയപ്പെടാതെ തന്നെ തൊഴിലാളിക്ക് കരാർ റദ്ദാക്കി ജോലിയിൽ നിന്ന് വിട്ടുനിൽക്കാം.

ഒരു സ്വകാര്യ സ്ഥാപനം ശമ്പളം വൈകിപ്പിച്ചതിനെതിരെ തൊഴിലാളി നൽകിയ കേസിലെ കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് ഈ സുപ്രധാന തീരുമാനം.

ശമ്പളം കൃത്യസമയത്ത് നൽകുക എന്നത് തൊഴിൽ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ശമ്പളം വൈകിയതായി സ്ഥാപനം തന്നെ സമ്മതിച്ച സാഹചര്യത്തിൽ, ഇത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് ഉടമയുടെ അപ്പീൽ തള്ളുകയും തൊഴിലാളിയുടെ ഭാഗം ശരിവെക്കുകയും ചെയ്തു.

ശമ്പളം വൈകിപ്പിക്കുന്ന സാഹചര്യത്തിൽ ജോലി വിടാൻ നോട്ടീസ് പിരീഡ് നൽകേണ്ടതില്ല. ഇത്തരത്തിൽ ജോലി വിടുന്ന തൊഴിലാളിക്ക് നിയമപരമായ എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa