ജിദ്ദയിൽ ടൺ കണക്കിന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു; നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി
ജിദ്ദയിൽ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഭക്ഷണ നിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയുമായി ജിദ്ദ മുനിസിപ്പാലിറ്റി.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 1000 കിലോയിലധികം കേടായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
കൃത്യമായ ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ചിരുന്ന നാല് കേന്ദ്രങ്ങളാണ് അധികൃതർ പൂട്ടിച്ചത്.
കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പച്ചക്കറികളും ഈന്തപ്പഴങ്ങളും സൂക്ഷിക്കുകയും പാക്ക് ചെയ്യുകയും ചെയ്തിരുന്ന കേന്ദ്രങ്ങളാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. ടൺ കണക്കിന് പച്ചക്കറികളും 47 ബോക്സ് ഈന്തപ്പഴങ്ങളുമാണ് ഇവിടെ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഈന്തപ്പഴം പായ്ക്ക് ചെയ്യുന്ന നാല് മെഷീനുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഈ ഭാഗങ്ങളിൽ ഈച്ചകളും എലികളും ഉൾപ്പെടെയുള്ള ജീവികൾ പെരുകിയ നിലയിലായിരുന്നുവെന്നും ഇത് പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
മറ്റൊരു കേന്ദ്രത്തിൽ പാലുൽപ്പന്നങ്ങൾ തയ്യാറാക്കുന്ന ലാബ് തികച്ചും മോശമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് 40 കിലോയോളം പാൽപ്പൊടിയും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇത് കൂടാതെ, അനുമതിയില്ലാതെ വാഹനങ്ങളുടെ പാർട്സുകളും ഒഴിഞ്ഞ ബോക്സുകളും സൂക്ഷിച്ചിരുന്ന കേന്ദ്രവും, ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും അനധികൃതമായി അയക്കുന്ന ഷിപ്പിങ് കേന്ദ്രവും മുനിസിപ്പാലിറ്റി സംഘം അടപ്പിച്ചു.
പൊതുജനാരോഗ്യം മുൻനിർത്തി ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘ബലദി’ (Balady) ആപ്പ് വഴിയോ 940 എന്ന ഏകീകൃത നമ്പറിലോ വിളിച്ച് വിവരം അറിയിക്കണമെന്ന് അധികൃതർ സ്വദേശികളോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
