Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ കനത്ത മൂടൽമഞ്ഞും ശക്തമായ പൊടിക്കാറ്റും; മക്കയുൾപ്പെടെ മൂന്ന് പ്രവിശ്യകളിൽ റെഡ് അലർട്ട്

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മൂടൽമഞ്ഞും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മക്ക, അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യകൾ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദ്ദേശമായ ‘റെഡ് അലർട്ട്’ പുറപ്പെടുവിച്ചു.

പുലർച്ചെ 1 മണി മുതൽ രാവിലെ 8 മണി വരെയാണ് മൂടൽമഞ്ഞ് ശക്തമാകാൻ സാധ്യതയുള്ളത്. ഈ സമയങ്ങളിൽ കാഴ്ചപരിധി ഒരു കിലോമീറ്ററിലും താഴെയായി കുറയാൻ സാധ്യതയുണ്ട്.

മക്ക, അൽ-ബഹ, അസീർ, ജസാൻ മേഖലകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ജുബൈൽ, ഖോബാർ, ദമാം, ഖത്തീഫ്, റാസ് തനൂറ എന്നീ പ്രദേശങ്ങളിലാണ് പൊടിക്കാറ്റ് മുന്നറിയിപ്പുള്ളത്.

പുലർച്ചെ 1 മണി മുതൽ രാവിലെ 9 മണി വരെയാണ് ഈ സാഹചര്യം നിലനിൽക്കുക. കാറ്റ് ശക്തമാകുന്നതോടെ കാഴ്ചപരിധി 3 മുതൽ 5 കിലോമീറ്റർ വരെയായി കുറഞ്ഞേക്കാം.

അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ഡ്രൈവർമാരും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa