Friday, March 6, 2026
Middle EastSaudi ArabiaTop Stories

മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കെ സൗദി – ഇറാൻ വിദേശമന്ത്രിമാർ തമ്മിൽ ചർച്ച നടത്തി

മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കെ, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി.

തർക്കങ്ങൾ പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകളും നയതന്ത്ര മാർഗങ്ങളും സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ഇരുവരും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

അറബിക്കടലിലെ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഡ്രോൺ ആക്രമണം ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ മേഖലയെ കൂടുതൽ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾ അതീവ ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്.

മേഖലയിൽ ഒരു യുദ്ധം ഉണ്ടാകുന്നത് സാമ്പത്തിക സുരക്ഷയെയും എണ്ണ വിപണിയെയും ബാധിക്കുമെന്നതിനാൽ, എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് സൗദി അറേബ്യയും മറ്റ് ഗൾഫ് രാജ്യങ്ങളും ആവശ്യപ്പെടുന്നു.

ഏതൊരു പ്രശ്നവും സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ജി.സി.സി രാജ്യങ്ങളുടെ പൊതുവായ നയം. മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരം മാനിക്കപ്പെടണമെന്ന് അവർ ആവർത്തിക്കുന്നു.

അമേരിക്കൻ വിന്യാസം മേഖലയിൽ വർധിക്കുമ്പോഴും, ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. വിദേശമന്ത്രിമാർ തമ്മിലുള്ള ഈ അടിയന്തര ചർച്ചയും ആ നയതന്ത്ര നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa