സംഘർഷം പുകയുന്ന ഗൾഫ് തീരത്ത് ഇറാൻ സൈന്യത്തിന്റെ നടപടി; രണ്ട് വിദേശ കപ്പലുകൾ പിടിച്ചെടുത്തു
സംഘർഷ സാധ്യത നിലനിൽക്കെ ഇറാനിയൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, പേർഷ്യൻ ഗൾഫിൽ രണ്ട് വിദേശ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തു.
ഗൾഫിലെ ഇറാന്റെ ഫാർസി ദ്വീപിന് സമീപത്തു നിന്നാണ്, 10 ലക്ഷം ലിറ്ററിലധികം ഇന്ധനം അനധികൃതമായി കടത്താൻ ശ്രമിച്ചു എന്നാരോപിച്ച് സൈന്യം കപ്പലുകൾ പിടികൂടിയത്.
എന്നാൽ തങ്ങളുടെ സമുദ്രപരിധിയിൽ തങ്ങൾക്കാണ് ആധിപത്യമെന്ന് കാണിക്കാനുള്ള ഇറാന്റെ ശ്രമമായിട്ടാണ് സംഭവം വിലയിരുത്തപ്പെടുന്നത്.
കപ്പലിലുണ്ടായിരുന്ന വിദേശികളായ 15 ജീവനക്കാരെ ഇറാൻ ജുഡീഷ്യറിക്ക് കൈമാറി. ഏതൊക്കെ രാജ്യങ്ങളുടെ പതാക വഹിച്ച കപ്പലുകളാണ് ഇവയെന്നോ കപ്പലിലെ ജീവനക്കാർ ഏത് രാജ്യക്കാരാണെന്നോ ഇറാൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മാസങ്ങളായി ഇന്ധനക്കടത്തിൽ ഏർപ്പെട്ടിരുന്ന ഈ കപ്പലുകളെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയതെന്നാണ് ഇറാൻ സൈന്യം അവകാശപ്പെടുന്നത്.
മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. മേഖലയിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകൾ അയച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം.
ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. അതിനാൽ തന്നെ ഇവിടുത്തെ ഇന്ധനം വിദേശത്തേക്ക് കടത്തുന്നത് വലിയ ലാഭമുള്ള ഇടപാടാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
