സൗദിയിൽ ലൈംഗികാതിക്രമ കേസുകളിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ കർശന നടപടികൾ; ഇരകൾക്ക് നീതിയും കരുതലും ഉറപ്പാക്കും
ലൈംഗികാതിക്രമ കേസുകളിലെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും തെളിവുകൾ ശാസ്ത്രീയമായി ശേഖരിക്കുന്നതിനുമുള്ള നടപടികൾ ശക്തിപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ.
ഇതിന്റെ ഭാഗമായി സൗദി സൊസൈറ്റി ഓഫ് ഫോറൻസിക് മെഡിസിൻ സംഘടിപ്പിക്കുന്ന പ്രഥമ ‘മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ അസസ്മെന്റ്’ ഫോറം വരും ബുധനാഴ്ച നടക്കും.
വിവിധ മേഖലകളിലെ വിദഗ്ധരെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ എത്തിച്ച്, ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ കൃത്യതയും സുതാര്യതയും കൊണ്ടുവരികയാണ് ഈ സംഗമത്തിന്റെ ലക്ഷ്യം.
അതിക്രമത്തിന് ഇരയായവരെ ക്ലിനിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ശാസ്ത്രീയമായ തെളിവുകൾ സുരക്ഷിതമായി ശേഖരിക്കാൻ വിദഗ്ധർ പരിശീലനം നൽകും. ഇത് പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും സഹായിക്കും.
ഇരകൾക്ക് കേവലം ശാരീരിക ചികിത്സ മാത്രമല്ല, അടിയന്തരമായ മാനസിക-സാമൂഹിക പിന്തുണയും ഉറപ്പാക്കും. ആഘാതങ്ങളിൽ നിന്ന് മുക്തരാക്കാൻ പ്രത്യേക ചികിത്സാ പദ്ധതികൾ ചർച്ച ചെയ്യും.
അതിക്രമങ്ങൾക്ക് പിന്നാലെ പകരാൻ സാധ്യതയുള്ള ലൈംഗിക രോഗങ്ങൾ തടയാനുള്ള മെഡിക്കൽ തന്ത്രങ്ങളും ഫോറത്തിൽ ചർച്ചയാകും.
ഫോറൻസിക് മെഡിസിൻ കൺസൾട്ടന്റ് ഡോ. ഫൈസൽ അൽ-സുബൈദിയാണ് ഈ സുപ്രധാന നീക്കത്തിന് നേതൃത്വം നൽകുന്നത്.
കേസ് റിപ്പോർട്ട് ചെയ്യുന്നത് മുതൽ ഇരകൾക്ക് സുരക്ഷിത താവളം ഒരുക്കുന്നത് വരെയുള്ള പ്രക്രിയകൾ വേഗത്തിലാക്കാൻ വ്യക്തമായ മാർഗരേഖകൾ തയ്യാറാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
