Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ഗാർഹിക തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിന്നാൽ കരാർ റദ്ദാക്കാം; 60 ദിവസത്തിനുള്ളിൽ രാജ്യം വിടണം

സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ ബന്ധം കൂടുതൽ സുതാര്യമാക്കുന്നതിനായി പുതിയ പരിഷ്കാരങ്ങളുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.

ഗാർഹിക തൊഴിലാളികൾ ജോലിക്ക് ഹാജരാകാതിരിക്കുകയോ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ കരാർ അവസാനിപ്പിക്കുന്നത് എളുപ്പമാക്കുന്നതിനായി പുതിയ സേവനം മുസാനദ് പ്ലാറ്റ്‌ഫോം വഴി മന്ത്രാലയം ആരംഭിച്ചു.

തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കാനും തൊഴിൽ വിപണിയിലെ സുതാര്യത വർദ്ധിപ്പിക്കാനുമാണ് ഈ നീക്കം. ഇതിന്റെ പ്രധാന നിബന്ധനകൾ താഴെ പറയുന്നവയാണ്:

ഒരു ഗാർഹിക തൊഴിലാളി സൗദിയിൽ എത്തി ആദ്യത്തെ രണ്ട് വർഷത്തിനുള്ളിലാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെങ്കിൽ, തൊഴിലുടമയ്ക്ക് മുസാനദ് വഴി കരാർ അവസാനിപ്പിക്കാവുന്നതാണ്.

ഇത്തരത്തിൽ കരാർ റദ്ദാക്കപ്പെട്ടാൽ 60 ദിവസത്തിനുള്ളിൽ തൊഴിലാളി രാജ്യം വിടണം. നിശ്ചിത സമയത്തിനുള്ളിൽ മടങ്ങിയില്ലെങ്കിൽ അത് താമസ-തൊഴിൽ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

സൗദിയിൽ എത്തി രണ്ട് വർഷം കഴിഞ്ഞ തൊഴിലാളിയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെങ്കിൽ അവർക്ക് രണ്ട് ഓപ്ഷനുകളാണ് മന്ത്രാലയം നൽകുന്നത്:

60 ദിവസത്തിനുള്ളിൽ രാജ്യം വിടുക. അല്ലെങ്കിൽ ഈ കാലയളവിനുള്ളിൽ പുതിയൊരു തൊഴിലുടമയുടെ കീഴിലേക്ക് സ്പോൺസർഷിപ്പ് മാറ്റുക. ഈ 60 ദിവസത്തിനുള്ളിൽ ഇതിലേതെങ്കിലും ഒന്ന് ചെയ്തില്ലെങ്കിൽ, തൊഴിലാളി നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നയാളായി കണക്കാക്കപ്പെടും.

തൊഴിലുടമയ്ക്ക് തന്റെ കീഴിലുള്ള തൊഴിലാളിയുടെ പദവി കൃത്യമായി മനസ്സിലാക്കാനും നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിയാനും മുസാനദ് പ്ലാറ്റ്‌ഫോമിലെ ഈ സേവനം സഹായിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa