Friday, March 6, 2026
Saudi ArabiaTop Stories

കിംഗ് ഫഹദ് കോസ്‌വേയിൽ പരിഷ്കരിച്ച ടോൾ നിരക്കുകൾ നിലവിൽ വന്നു; നിത്യയാത്രക്കാർക്ക് ഇളവുകൾ

സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ ടോൾ നിരക്കുകളിൽ വരുത്തിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നു. ഇന്ന് (ഫെബ്രുവരി 18, ബുധനാഴ്ച) മുതൽ കോസ്‌വേയിലൂടെയുള്ള യാത്രക്ക് അധിക നിരക്ക് നൽകണം.

1986-ൽ കോസ്‌വേ തുറന്നതിന് ശേഷം 2016-ലാണ് ഇതിന് മുൻപ് ടോൾ നിരക്ക് വർദ്ധിപ്പിച്ചത്.
പുതിയ നിരക്കുകൾ പ്രകാരം ചെറുകാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി മുതൽ 35 റിയാലായിരിക്കും ഫീസ്. നേരത്തെ ഇത് 25 റിയാലായിരുന്നു.

മിനി ബസുകൾ 55 റിയാൽ, ബസുകൾ 70 റിയാൽ, ട്രക്കുകൾക്ക് ഒരു ടണ്ണിന് 7 റിയാൽ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ, നിത്യയാത്രക്കാർ എന്നിവർക്ക് ഈ വർദ്ധനവ് ബാധകമല്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് ആശ്വാസമായി കോസ്‌വേ ആപ്പ് വഴി പുതിയ പാക്കേജുകളും അതോറിറ്റി അവതരിപ്പിച്ചിട്ടുണ്ട്. ഈ പാക്കേജുകൾ വഴി ടോൾ നിരക്കിൽ 40 ശതമാനം വരെ ഇളവ് ലഭിക്കും.

ദിവസേനയോ സ്ഥിരമായോ യാത്ര ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഈ പാക്കേജിന് 850 റിയാലാണ് നിരക്ക്. ഒരു മാസത്തേക്ക് അല്ലെങ്കിൽ 40 വട്ടം (പോക്കുവരവ് ഉൾപ്പെടെ) യാത്ര ചെയ്യുന്നതിനാണ് ഈ ആനുകൂല്യം ലഭിക്കുക. ഏതാണോ ആദ്യം പൂർത്തിയാകുന്നത് അതനുസരിച്ച് പാക്കേജ് കാലാവധി അവസാനിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa