Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ബാങ്കിംഗ് ഫീസുകളിൽ വൻ കുറവ്; പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും

സൗദി അറേബ്യയിലെ ബാങ്കിംഗ്, ധനകാര്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സൗദി സെൻട്രൽ ബാങ്കിന്റെ (SAMA) പുതിയ ഫീസ് പരിഷ്കാരം ഫെബ്രുവരി 20 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നു.

നിലവിലുണ്ടായിരുന്ന ബാങ്കിംഗ് താരിഫിന് പകരമായാണ് കൂടുതൽ സുതാര്യതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്ന പുതിയ ‘ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ സർവീസസ് താരിഫ് ഗൈഡ്’ നടപ്പിലാക്കുന്നത്.

സൗദിയിലെ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പേയ്മെന്റ് കമ്പനികൾ എന്നിവയ്ക്ക് ഈ പുതിയ നിയമം ബാധകമാണ്. ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്ന സേവന നിരക്കുകൾക്ക് വ്യക്തമായ പരിധി നിശ്ചയിച്ചിട്ടുണ്ട്.

നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ തുക ഈടാക്കുന്നത് സെൻട്രൽ ബാങ്ക് കർശനമായി നിരോധിച്ചു. പുതിയ നിയമപ്രകാരം ബാങ്ക് അക്കൗണ്ടിലോ ഇ-വാലറ്റിലോ നിശ്ചിത തുക ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ ഇനി മുതൽ യാതൊരുവിധ ഫീസും ഈടാക്കാൻ പാടില്ല.

കൂടാതെ, മദ കാർഡ് വീണ്ടും എടുക്കുന്നതിനുള്ള ഫീസും ബാങ്ക് അക്കൗണ്ട് വഴിയുള്ള പണം കൈമാറ്റ നിരക്കുകളും ഗണ്യമായി കുറച്ചിട്ടുണ്ട്. അന്താരാഷ്ട്ര പർച്ചേസുകൾക്കും പണം പിൻവലിക്കലിനും ഈടാക്കാവുന്ന തുകയ്ക്കും പുതിയ നിയമം പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നതിന് മുൻപ് ഉപഭോക്താവിന്റെ സമ്മതം വാങ്ങണമെന്നും, തുക ഈടാക്കിയാലുടൻ എസ്എംഎസ് വഴി അറിയിക്കണമെന്നും സാമ (SAMA) നിർദ്ദേശിച്ചു. ഒരു വർഷം വരെയുള്ള അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ ആദ്യമായി എടുക്കുമ്പോൾ സൗജന്യമായിരിക്കും.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് സാമ ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ നിരക്കുകളിൽ മൂല്യവർദ്ധിത നികുതി (VAT) ഉൾപ്പെടില്ല എന്നതും ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa