വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
Middle EastTop Stories

ലബനനിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി; വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരിക്ക്

ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ലെബനനിൽ ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.

നൂറോളം കേന്ദ്രങ്ങളിൽ ഒരുമിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഐ ഡി എഫ് അവകാശപ്പെട്ടു.

2024-ൽ ഹിസ്ബുള്ളയ്ക്ക് നേരെയുണ്ടായ പേജർ സ്ഫോടനങ്ങൾക്ക് ശേഷം ഹിസ്ബുള്ള നേരിടുന്ന ഏറ്റവും വലിയ ആഘാതമാണിതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെല്ലാം തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടു.

ബുധനാഴ്ച ഉച്ചയോടെ ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾ നഗരവാസികളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. യുദ്ധം തുടങ്ങിയ ശേഷം തലസ്ഥാനത്തുണ്ടാകുന്ന ഏറ്റവും കടുത്ത ആക്രമണമാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ നഗരമധ്യത്തിൽ ആക്രമണം ഉണ്ടായതോടെ ജനങ്ങൾ ജീവരക്ഷാർത്ഥം ഓടുകയും വാഹനങ്ങൾ കൂട്ടത്തോടെ ഹോൺ മുഴക്കി റോഡുകളിൽ തിരക്ക് സൃഷ്ടിക്കുകയും ചെയ്തു.

ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും തെക്കൻ ലെബനനിലും ചിലയിടങ്ങളിൽ ഒഴിഞ്ഞുപോരാൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, തലസ്ഥാന നഗരിയിലെ പ്രധാന ഭാഗങ്ങളിൽ ആക്രമണം അപ്രതീക്ഷിതമായിരുന്നു.

കിഴക്കൻ ലെബനനിലും ഒരേസമയം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസുകൾ പാഞ്ഞുപോകുന്നതായും വിവരമുണ്ട്.

ഇറാനുമായുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ ലെബനന് ബാധകമല്ലെന്ന് ഇസ്രായേൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രിയുടെ ലബനൻ സന്ദർശനത്തിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa