വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
IndiaMiddle EastTop Stories

ലോകസമാധാനത്തിന് ഭീഷണി; ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ

ലെബനനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ വലിയ തോതിൽ സാധാരണക്കാർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ.

ലെബനനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും വൻതോതിലുള്ള നാശനഷ്ടങ്ങളിൽ രാജ്യം അസ്വസ്ഥമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ അറിയിച്ചു.

ലെബനനിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയായ ‘യൂണിഫില്ലിൽ’ ഇന്ത്യൻ സൈനികർ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

അതിനാൽ തന്നെ ലെബനനിലെ നിലവിലെ സംഭവവികാസങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യാന്തര നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത പ്രസ്താവനയിൽ ഇന്ത്യ ഊന്നിപ്പറഞ്ഞു. “മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കുക എന്നത് അത്യന്താപേക്ഷിതമാണ്,” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

മേഖലയിൽ കൂടുതൽ സംഘർഷം പടരുന്നത് തടയാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ലെബനനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പശ്ചിമേഷ്യയിൽ ആകെ പടരുന്ന യുദ്ധം ലോകസമാധാനത്തിന് ഭീഷണിയാണെന്ന നിലപാടാണ് ഇന്ത്യ ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa