വ്യാഴാഴ്‌ച, ജൂൺ 11, 2026
Middle EastTop Stories

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്; ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചു, യുഎസ്-ഇറാൻ സൈനികർ തമ്മിൽ കടലിൽ നേരിട്ട് ഏറ്റുമുട്ടൽ

പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് യുഎസ്-ഇറാൻ സൈനിക സംഘർഷം വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും ഭീതിദമായ ഘട്ടത്തിലേക്ക് കടന്നു.

ഇന്ന് പുലർച്ചെയോടെ ഗൾഫ് മേഖലയിലും ഒമാൻ കടലിലും യുഎസ്-ഇറാൻ നാവികസേനകൾ തമ്മിൽ നേരിട്ടുള്ള സായുധ ഏറ്റുമുട്ടൽ ആരംഭിച്ചു. ഇതിന് തൊട്ടുപിന്നാലെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാത്തരം കപ്പലുകൾക്കുമായി പൂർണ്ണമായി അടച്ചതായി ഇറാന്റെ മുഖ്യ സൈനിക കമാൻഡ് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഇറാനിൽ യുഎസ് സൈന്യം രണ്ടാമത്തെ ദിവസവും അതിശക്തമായ ബോംബാക്രമണം തുടരുന്നതിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ.

സുരക്ഷാ ഭീഷണികൾ മുൻനിർത്തി എണ്ണക്കപ്പലുകൾ ഉൾപ്പെടെ ഒന്നിനെയും ഇനി ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വ്യക്തമാക്കി. ഈ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യമിടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഹോർമുസ് കടലിടുക്കിന് സമീപമുണ്ടായിരുന്ന യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വ്യാപകമായി മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതായാണ് റിപ്പോർട്ടുകൾ.

ഇറാന്റെ തെക്കൻ തീരദേശ പ്രവിശ്യയായ ഹോർമോസ്ഗാനിലെ ബന്ദർ അബ്ബാസ് പോർട്ട് സിറ്റി, ഖെഷ്ം ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. യുഎസിന്റെ കടുത്ത വ്യോമാക്രമണത്തെ തുടർന്ന് തലസ്ഥാനമായ ടെഹ്‌റാനിലും ഫാഴ്സ് പ്രവിശ്യയിലും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറാന്റെ സൈനിക താവളങ്ങൾ, റഡാർ സംവിധാനങ്ങൾ എന്നിവയ്ക്ക് പുറമെ സിറിക് കൗണ്ടിയിലുള്ള കുടിവെള്ള സംഭരണികളും യുഎസ് തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഇത് ‘യുദ്ധക്കുറ്റമാണ്’ എന്ന് ഇറാൻ ആരോപിച്ചു.

കൂടാതെ ഇറാന്റെ എണ്ണ ഉപരോധത്തിന്റെ ഭാഗമായി ഒമാൻ ഉൾക്കടലിൽ വെച്ച് ഇറാന്റെ എണ്ണ കടത്താൻ ശ്രമിച്ച ഒരു വിദേശ എണ്ണക്കപ്പൽ യുഎസ് സൈന്യം വെടിവെച്ച് തകർക്കുകയും ചെയ്തിരുന്നു.

അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുള്ള സുപ്രധാന യുഎസ് സൈനിക താവളമായ ‘അൽ-ഹരീർ’ (Al-Harir) എയർബേസിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.

ആക്രമണത്തിൽ ഇവിടുത്തെ യുഎസ് റഡാർ സംവിധാനം പൂർണ്ണമായി തകർന്നതായി ഇറാന്റെ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. തങ്ങൾക്ക് നേരെയുള്ള ഒരു ഭീഷണിയും മറുപടിയില്ലാതെ പോകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ മാസത്തിൽ ഉണ്ടായ താൽക്കാലിക വെടിനിർത്തൽ പൂർണ്ണമായി തകർന്നതോടെ പശ്ചിമേഷ്യ മറ്റൊരു വൻ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group