ഗാർഹിക തൊഴിലാളികൾക്കും വിസിറ്റിംഗ് വിസ; ആയിരക്കണക്കിനു പ്രവാസികൾക്ക് ആശ്വാസമാകും
സൗദിയിലെ ഗാർഹിക തൊഴിലാളികളായ ആയിരക്കണക്കിനു പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചത്.
ഹൗസ് ഡ്രൈവർ പ്രഫഷനിലുള്ള ഒരു പ്രവാസിക്ക് വിസിറ്റിംഗ് വിസയിൽ തൻ്റെ കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള അനുമതി ലഭിച്ചതായിരുന്നു വാർത്ത. കുടുംബത്തെ സൗദിയിലേക്ക് കൊണ്ട് വരാൻ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളികളായ നിരവധി പ്രവാസികൾക്ക് സന്തോഷമേകുന്ന വാർത്തയായിരുന്നു അത്.
ഇതോടെ ഹൗസ് ഡ്രൈവർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് വിസിറ്റിംഗ് വിസ ലഭിക്കാൻ സ്പോൺസർ സഹകരിച്ചാൽ സാധിക്കുമെന്നത് ഒന്ന് കൂടെ വ്യക്തമായിരിക്കുകയാണ്.
സാധാരണ വിസിറ്റിങ് വിസക്ക് അപേക്ഷിക്കുന്നത് പോലെ തന്നെ ഫോറിൻ മിനിസ്ട്രിയുടെ വെബ്സൈറ്റിൽ പോയി അപേക്ഷ നൽകുകയാണു ഇതിനും ചെയ്യേണ്ടത്. സാധാരണ വിസിറ്റിംഗ് വിസ ലഭിക്കുന്ന പ്രഫഷനുകളുള്ളവർ പ്രിൻ്റൗട്ട് എടുത്ത പൂരിപ്പിച്ച അപേക്ഷ ഫോറം ചേംബർ ഓഫ് കൊമേഴ്സിൽ പോയി അറ്റസ്റ്റ് ചെയ്താൽ വിസ ഓട്ടോമാറ്റിക് ആയി ലഭിക്കുകയാണു പതിവ്.
അതേ സമയം ഹൗസ് ഡ്രൈവർമാരുടെയോ മറ്റു ഗാർഹിക തൊഴിലാളികളുടെയോ പൂരിപ്പിച്ച അപേക്ഷാ ഫോമുമായി സ്പോൺസർ ഫോറിൻ മന്ത്രാലയ ആസ്ഥാനത്ത് ഹാജരാകുകയും തൻ്റെ തൊഴിലാളി വിസിറ്റിംഗ് വിസയിൽ അയാളുടെ ആശ്രിതരെ കൊണ്ട് വരുന്നതിനു തനിക്ക് വിരോധമില്ലെന്ന് ബോധ്യപ്പെടുത്തുകയും വേണം. അപേക്ഷ സ്വീകരിക്കുന്നതോടെ താമസിയാതെ തന്നെ വിസ അനുവദിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു .
ഈ സംവിധാനം മുംബുണ്ടെങ്കിലും പലരും ഇത് വരെ വിനിയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇപ്പോൾ അനുഭവസ്ഥർ തന്നെ തെളിവുമായി എത്തിയതിനാൽ ഇനി പല ഗാർഹിക തൊഴിലാളികളായ പ്രവാസികളും കുടുംബത്തെ സൗദിയിലേക്ക് കൊണ്ട് വരുമെന്നത് തീർച്ചയാണ്.
ഹൗസ് ഡ്രൈവർമാർക്ക് പുറമേ ഗാർഹിക തൊഴിലുകളായ വേലക്കാർ തുടങ്ങിയ മറ്റു പ്രഫഷനുകളിലുള്ളവർക്കും ഈ രീതിയിൽ വിസ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് .
വിസിറ്റിംഗ് വിസ ചാർജ്ജ് കുത്തനെ കുറച്ച ശേഷം സൗദിയിലേക്ക് കുടുംബത്തെ കൊണ്ട് വരുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണു കാണുന്നത്.
അതോടൊപ്പം വിഷൻ 2030 പദ്ധതി പ്രകാരം രാജ്യത്തേക്ക് വലിയ തോതിൽ തന്നെ തീർത്ഥാടകരെ എത്തിക്കുന്നതിനായി സൗദി അധികൃതർ വിവിധ രീതികളിലുള്ള പദ്ധതികളാണു ആസൂത്രണം ചെയ്തിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa