Saturday, November 23, 2024
GCC

കാളികാവിന്റെ കാവലും കരുതലുമായി ‘കാപ’ പ്രവാസി സംഘടന

കുടുംബം പോറ്റാൻ വിദേശത്ത് ചോര നീരാക്കുമ്പോഴും സ്വന്തം നാടിന് കാവലും കരുതലുമായി മലപ്പുറം ജില്ലയിലെ കാളികാവ് ഏരിയാ പ്രവാസി അസോസിയേഷൻ – ‘കാപ’ നാടിനു മാതൃകയാവുന്നു. നാടിന്റെ സാമൂഹ്യ പ്രശ്നങ്ങളിൽ പണവും മനുഷ്യവിഭവവും നൽകി ഈ കൊച്ചു സംഘം നിവൃത്തി വരുത്തിയ സംരംഭങ്ങൾ അനവധിയാണ്.

ജില്ലയിലെ ഏറ്റവും മികച്ച കാളികാവ് പാലിയേറ്റീവ് അസോസിയേഷൻ വളർന്ന് പന്തലിച്ചത് കാപയുടെ തണലിലാണ്. ഒന്നരക്കോടി ചെലവിട്ട് നിർമ്മിച്ച പാലിയേറ്റീവ് കെട്ടിടത്തിന് മാത്രം കാപ നൽകിയത് 25 ലക്ഷം രൂപയാണ്. തുടർന്നുള്ള പാലിയേറ്റീവിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഇവരുടെ സഹായം ഒഴിച്ചുകൂടാനാവില്ല.

സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്വന്തം നിലയിൽ ബഹുമുഖ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തിക്കുന്ന കാപ ഇതിനകം നാടിന്റെ താങ്ങും തണലുമായി മാറിയിട്ടുണ്ട്. എല്ലാ വർഷവും കുടുംബ സംഗമങ്ങൾ ആരോഗ്യ ബോധവൽക്കരണ ക്യാമ്പുകൾ വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങുകൾ ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങി മാനവീകമായ പ്രവർത്തനങ്ങൾ വഴി ബഹുദൂരം കാപ സഞ്ചരിച്ചു കഴിഞ്ഞു.

സമൂഹത്തിൽ അവഗണിക്കപ്പെട്ടവരും വിധിയുടെ നീരാളിപ്പിടുത്തത്തിൽ പെട്ട് ജീവിതം ഹോമിക്കപ്പെട്ട ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കാപ സ്വന്തം നിലയിൽ നടത്തുന്ന ഭിന്നശേഷി വിദ്യാലയം എടുത്തു പറയേണ്ട സംരംഭമാണ്. ഈ സ്ഥാപനത്തിന് സൗജന്യമായി ലഭിച്ച അര ഏക്കർ സ്ഥലത്ത് കെട്ടിടം നിർമ്മിക്കാനുള്ള നെട്ടോട്ടത്തിലാണ് കാപയുടെ സാരഥികൾ. നാടിന്റെ ഏത് പൊതു പ്രശ്നങ്ങളിലും ആദ്യം ഓടിയെത്തുന്ന ഈ കൊച്ചു സംഘം നാടിന്റെ ആശാ കേന്ദ്രവുമാണ്.

ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡ് ദാനം കാളികാവ് പാലിയേറ്റീവ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.നജീബ് ബാബു ഉൽഘാടനം ചെയ്തു. ശറഫുദ്ദീൻചോലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് പുന്താനത്ത് അവാർഡ് വിതരണം നടത്തി.

കാപയുടെ പ്രവർത്തകരായ നൂറുദ്ദീൻ കെ., ജാബിർസ വാദ്, ഹാഫിസ് മുഹമ്മദ് ഇബ്രാഹിം, നാസർ തെക്കേടത്ത്, അബ്ബാസ് പാലപ്ര, അശ്റഫ് വള്ളിയിൽ, മമ്പാടൻ നാസർ, ജാഫർ ഖാൻ, തുടങ്ങിയവർ സംസാരിച്ചു.

ശറഫുദ്ദീൻ ചോലശ്ശേരി (പ്രസിഡന്റ്), ഷാനവാസ് പാറോൽ (സെക്രട്ടറി) എന്നിവരാണ് ഇപ്പോൾ കാപ്പയുടെ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa