നാട്ടിൽ പോയ സമയത്ത് 13 കാരിയെ പീഡിപ്പിച്ച് മുങ്ങിയ മലയാളിയെ റിയാദിൽ പിടി കൂടി
റിയാദ്: സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ സമയത്ത് 13 വയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ മലയാളിയെ റിയാദിൽ വെച്ച് ഇൻ്റർപോൾ പിടി കൂടി. റിയാദിലെത്തിയ കൊല്ലം പോലീസ് കമ്മീഷണർ മെറിൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിക്കുകയായിരുന്നു.
കൊല്ലം ഓച്ചിറ സ്വദേശി സുനിൽ കുമാർ ഭദ്രനെയാണു റിയാദിൽ വെച്ച് ഇൻ്റർപോൾ പിടി കൂടിയത്. റിയാദിൽ ജോലി ചെയ്യുന്ന സുനിൽ കുമാർ 2017 ൽ നാട്ടിൽ അവധിക്കെത്തിയപ്പോഴായിരുന്നു പെൺ കുട്ടിയെ പീഡിപ്പിച്ചത്. പെൺ കുട്ടിയുടെ പിതൃസഹോദരനുമായുള്ള ബന്ധം മുതലെടുത്തായിരുന്നു ഇയാൾ പെൺകുട്ടിയുടെ വീടുമായി ബന്ധപ്പെടുന്നത്.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് സഹപാഠികൾ അറിയുകയും വിവരം അദ്ധ്യാപികയെ അറിയിക്കുകയും ചെയ്യുകയായിരുന്നു. നിരന്തരമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അനേഷണം നടക്കുന്നതിനിടയിലായിരുന്നു പ്രതി റിയാദിലേക്ക് തിരികെ പോയത്. റിയാദിൽ എത്തിയ പ്രതി സുനിൽ കുമാർ നാട്ടിലേക്ക് തിരികെ വരാത്തതിനെത്തുടർന്ന് ഇൻ്റർ പോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
പീഡനത്തിനിരയായ പെൺ കുട്ടിയെ പിന്നീട് കൊല്ലത്തുള്ള മഹിളാ മന്ദിരത്തിലേക്ക് മാറ്റിപ്പാർപ്പിക്കുകയും മഹിളാ മന്ദിരത്തിലെ ദുരനുഭവം കാരണം ഈ പെൺകുട്ടിയും മറ്റൊരു പെൺ കുട്ടിയും ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
പോക്സോ ചുമത്തിയാണു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഉഭയ കക്ഷി കരാർ പ്രകാരം ഇന്ത്യയും സൗദിയും നേരത്തെയും കുറ്റവാളികളെ കൈമാറിയിട്ടുണ്ടെങ്കിലും പോക്സോ ചുമത്തിയുള്ള കേസിൽ കൈമാറ്റം ഇതാദ്യമാണ്.
ഒരു മാസം മുംബായിരുന്നു കൊല്ലം പോലീസ് കമ്മീഷണറായി മെറിൻ ജോസഫ് ചുമതലയേറ്റത്. 2010 ൽ മന്മോഹൻ സിംഗിൻ്റെ ഭരണ കാലത്ത് ഇന്ത്യയും സൗദിയും തമ്മിലുണ്ടാക്കിയ കുറ്റവാളികളെ കൈമാറൽ ധാരണക്കരാറിനു ശേഷം ഒരു ഇന്ത്യൻ വനിതാ പോലീസ് ഉദ്യോഗസ്ഥ ആദ്യമായാണു ഇത്തരം ഒരു ദൗത്യത്തിനു നേതൃത്വം നൽകുന്നത്.
റാന്നി സ്വദേശിനിയായ മെറിൻ ജോസഫിനു പുറമെ കൊല്ലം ജില്ലാ ക്രൈം റെക്കോർഡ് ബ്യുറോ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ എം അനിൽകുമാർ, ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ പ്രകാശ് എന്നിവരായിരുന്നു റിയാദിലെത്തിയ സംഘത്തിലുണ്ടായിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa