Saturday, November 23, 2024
Special Stories

ലിൻഷയിലൂടെ ഒരു ആദിവാസി ഡോക്ടർ പിറക്കുന്നു; നാൽപത് സെൻറ് കോളനി ആഹ്ലാദത്തിൽ.

കാളികാവ്: ദുരിതങ്ങളും രോഗങ്ങളും മാത്രം കൂട്ടായുള്ള ആദിവാസി കുടിലിൽ നിന്ന് ഒരു ഡോക്ടർ പിറക്കുന്നു. വ്യവസ്ഥിതിയോടും അവഗണനയോടും പൊരുതി നേടിയ വിജയം ലിൻഷക്ക് മാറ്റുകൂട്ടുന്നതാണ്.

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് നാൽപത് സെൻറ് കോളനി വാസികൾ ആഹ്ലാദത്തിലാണ്. കോളനിയിലെ വത്സലൻ ശാന്തമ്മ ദമ്പതികളുടെ മകൾ ലിൻഷ MBBS പഠനത്തിന് തയ്യാറെടുക്കുകയാണ്. ജില്ലയിൽ ആദ്യമായാണ് കാട്ടുനായ്ക്കർ വിഭാഗത്തിൽനിന്ന് മെഡിക്കൽ പഠന രംഗത്ത് ഒരാൾ എത്തുന്നത്.

ഹൈസ്കൂൾ പഠനകാലത്തു തന്നെ ഡോക്ടറാകണം എന്നതായിരുന്നു ലിൻഡയുടെ സ്വപ്നം അതിനായി വാശിയോടെയുള്ള പഠനം സ്വപ്നം യാഥാർഥ്യമാക്കി. പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ആണ് ലിൻഷക്ക് അഡ്മിഷൻ ലഭിച്ചത്. അഞ്ചാം ക്ലാസുവരെ ചോക്കാട് ഗവൺമെൻറ് യുപി സ്കൂളിലും പ്ലസ്ടു വരെ മലപ്പുറം നവോദയാ സ്കൂളിലാണ് ലിൻ ഷയുടെ പഠനം.

SSLC ക്ക് 92 ശതമാനവും പ്ലസ്ടുവിന് 88 ശതമാനവും മാർക്ക് വാങ്ങിയാണ് ലിൻഷ പാസായത്. ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ എൻട്രൻസ് പഠനത്തിലും ഇല്ലായ്മയോട് പൊരുതി ലിൻഷ മുന്നേറി.

അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ ദേശീയതലത്തിൽ ഒരു ലക്ഷത്തിനടുത്തും സംസ്ഥാന തലത്തിൽ സംവരണ വിഭാഗത്തിൽ പത്തൊമ്പതാം റാങ്കുമാണ് ഈ മിടുക്കി നേടിയത്. ലിൻഷയുടെ പിതാവ് വനം വകുപ്പിൽ ഉദ്യോഗസ്ഥനാണ്. ലിൻഷയുടെ അഭിമാന നേട്ടത്തിൽ കോളനിവാസികൾ അതിരറ്റ ആഹ്ലാദത്തിലാണ്

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa