ഫാറൂഖ് ലുഖ്മാൻ; വിട പറഞ്ഞത് മലയാളത്തെ സ്നേഹിച്ച അറബ് പത്രാധിപർ
കഴിഞ്ഞ ദിവസം ജിദ്ദയിൽ അന്തരിച്ച മലയാളം ന്യുസ് ദിനപത്രത്തിന്റെ മുൻ പത്രാധിപർ ഫാറൂഖ് ലുഖ്മാനോട് പ്രവാസി മലയാളി സമൂഹത്തിനുള്ള കടപ്പാട് ചെറുതല്ല.
ചാനലുകളും സോഷ്യൽ മിഡിയയുമൊന്നുമില്ലാതിരുന്ന കാലത്ത് മൂന്നും നാലും ദിവസം പഴക്കമുള്ള വാർത്തകൾക്ക് വേണ്ടി പ്രവാസി മലയാളികൾ ആർത്തിയോടെ കാത്തിരുന്ന കാലത്താണ് 1999 ഏപ്രിൽ 16 ന് മലയാളം ന്യൂസ് ദിനപത്രം പിറവിയെടുക്കുന്നത്.
ലോകത്തിലെ ഒരു കോണിലുള്ള ഒരു ചെറിയ നാടായ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിക്കായി എത്തിയ പ്രവാസികൾക്ക് വേണ്ടി അറബ് രാജ്യത്ത് നിന്ന് പത്രമിറക്കുക എന്ന വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് നടപ്പാക്കിയ പത്രാധിപരായിരുന്നു ഫാറൂഖ് ലുഖ്മാൻ.
ജിദ്ദയിൽനിന്ന് തയാറാക്കുന്ന പത്രം സൗദിയിലും സമീപ രാജ്യങ്ങളിലും പ്രിന്റ് ചെയ്ത് ഓരോ മുക്കിലും മൂലയിലും ഉള്ള മലയാളികളുടെ കയ്യിലേക്ക് എത്തിക്കുകയെന്ന ദൗത്യമായിരുന്നു അദ്ദേഹം വിജയകരമായി നടപ്പാക്കിയത്.
മലയാള പത്രത്തിന്റെ മലയാളിയല്ലാത്ത ആദ്യ എഡിറ്റർ ഇൻ ചീഫ് എന്ന ബഹുമതിക്കർഹനായി ചരിത്രം കുറിച്ച ഫാറൂഖ് ലുഖ്മാൻ ഇന്ത്യയെയും കേരളത്തെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന എഴുത്തുകാരായിരുന്നു. മലയാളികളടക്കമുള്ള വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഫാറൂഖ് ലുഖ്മാന്റെ മയ്യിത്ത് കഴിഞ്ഞ ദിവസം റുവൈസ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa