Sunday, September 22, 2024
KeralaTop Stories

അന്ത്യ യാത്രയിലും പുഞ്ചിരി വിടാതെ ബഷീർ; പിതാവിൻ്റെ ചാരത്ത് അന്ത്യ വിശ്രമം

ഇത് വരെ നേരിട്ട് കാണാത്തവരെക്കൂടി ഏറെ വിഷമിപ്പിച്ച ഒരു അന്ത്യ യാത്രയായിരുന്നു കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട കെ എം ബഷീറിൻ്റേത്. ജീവിത കാലത്ത് എല്ലാവരോടും സൗമ്യതയോടും പുഞ്ചിരിയോടും കൂടി മാത്രം പെരുമാറിയിരുന്ന ബഷീറിൻ്റെ അന്ത്യ യാത്രയും ആ നിറ പുഞ്ചിരി കാത്ത് സൂക്ഷിച്ചു കൊണ്ടായിരുന്നു. ബഷീറുമായി ബന്ധമുള്ളവർക്കാർക്കും അദ്ദേഹത്തിൻ്റെ നിറഞ്ഞ പുഞ്ചിരിയും പെരുമാറ്റവും സൗഹൃദവും സമ്മാനിച്ച സന്ദർഭങ്ങൾ മറക്കാൻ സാധിക്കുമായിരുന്നില്ല.

സര്‍വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചോടിച്ച കാറിടിച്ച് മരണപ്പെട്ട സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിന്റെ ഖബറടക്കം ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് ചെറുവണ്ണൂര്‍ കണ്ടീത്താഴ മലയില്‍ മഖാം ഖബര്‍സ്ഥാനില്‍ നടന്നു.

ജന്മനാടായ തിരൂര്‍ വാണിയന്നൂരിലെ വീട്ടിലും ചെറുവണ്ണൂരിലും ആയിരങ്ങളാണ് പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാനായി ഒഴുകിയെത്തിയത്. തിരൂരിലെ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഒരു മണിയോടെ സിറാജ് ഹെഡ്ഡ് ഓഫീസിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷം പേരാമ്പ്ര ചെറുവണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം ഉച്ചക്ക് ശേഷമാണ്‌ ജന്മനാടായ തിരൂലിലേക്ക് കൊണ്ടുപോന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയടക്കം പ്രമുഖരുടെ നീണ്ട നിരതന്നെ എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖര്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് പുറമെ കാനം രാജേന്ദ്രന്‍, പന്ന്യം രവീന്ദ്രന്‍, വിഎം സുധീരന്‍, എംഎം ഹസ്സന്‍ എന്നിവര്‍ ആദരാജ്ഞലികളര്‍പ്പിച്ചു. ഇതിന് പുറമെ മാധ്യമപ്രവര്‍ത്തകര്‍ വിവിധ മേഖലകളില്‍നിന്നുള്ള മറ്റ് നിരവധി പേരും ബഷീറിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പ്രസ് ക്ലബ്ബിലെത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്