സൗദിയിലെ വിദേശ തൊഴിലാളികളുടെ പരമാവധി താമസം ആറ് വർഷമാക്കാനുള്ള നിർദ്ദേശമടങ്ങുന്ന പഠനം പൂർത്തിയായി
സൗദിയിലെ വിദേശ തൊഴിലാളികളുടെ താമസാനുമതി പരമാവധി 6 വർഷമോ ആവശ്യമെങ്കിൽ മാത്രം 12 വർഷമോ ആക്കി നിശ്ചയിക്കാനുള്ള നിർദ്ദേശം നൽകുന്ന പഠന റിപ്പോർട്ട് പൂർത്തിയായി. സൗദി ശൂറാ കൗൺസിൽ മെംബർ അബ്ദുൽ അസീസ് അൽ ജർബാഉ ആണു പഠന റിപ്പോർട്ട് സമർപ്പിച്ചത്.
സ്വദേശിവത്ക്കരണത്തിൻ്റെ തോത് വർധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആരായുന്നതിനാണു പഠനം നടന്നത്. സൗദിയിലെ ഒരു വിദേശ തൊഴിലാളിയുടെ പരമാവധി താമസം 6 വർഷമാക്കുകയാണു റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം. ആവശ്യമെങ്കിൽ 6 വർഷം കൂടി നീട്ടി നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേ സമയം ഡോക്ടർമാർ, എഞ്ചിനീയർമാർ, ഗാർഹിക തൊഴിലാളികൾ, യൂണിവേഴ്സിറ്റി ഫാക്കൽറ്റി അംഗങ്ങൾ എന്നിവരുടെ ഇഖാമ എത്ര കാലത്തേക്കും പുതുക്കുന്നതിനു വിരോധമില്ല. ഇവർക്ക് തൊഴിലുടമ ആവശ്യപ്പെടുന്ന കാലമത്രയും സൗദിയിൽ താമസിക്കാം എന്നാണു റിപ്പോർട്ടിലെ നിർദ്ദേശം.
സൗദിയിൽ നിന്ന് എക്സിറ്റ് അടിച്ച് പുറത്ത് പോയ വിദേശികൾക്ക് പിന്നീട് 10 വർഷം കഴിഞ്ഞതിനു ശേഷം മാത്രമേ തൊഴിൽ വിസയിൽ വരാനുള്ള അനുമതി നൽകാവൂ എന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
സൗദിയിൽ ദീർഘ കാലം കഴിയുന്ന വിദേശികൾ അവരുടെ സ്വന്തക്കാർക്ക് തന്നെ തൊഴിൽ മേഖലകളിൽ അവസരം സൃഷ്ടിക്കുന്നതും ബിനാമി ബിസിനസുകൾ വർധിക്കുന്നതുമെല്ലാം സൗദി വത്ക്കരണത്തിനു പ്രതികൂലമായി ബാധിക്കുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം സൗദി ശൂറാ കൗൺസിൽ സെക്യൂരിറ്റി കമ്മിറ്റി ഈ റിപ്പോർട്ട് തള്ളിയിട്ടുണ്ട്. നിലവിലെ സൗദി തൊഴിൽ മന്ത്രാലയത്തിൻ്റെ നിതാഖാത്ത് സിസ്റ്റം തന്നെ സൗദി വത്ക്കരണത്തിനു മതിയായ പോംവഴി ആയതിനാൽ പുതിയ നിർദ്ദേശം തൊഴിൽ മന്ത്രാലയത്തിൻ്റെ നടപടികളിൽ കൈക്കടത്തലാണെന്നാണു സെക്യൂരിറ്റി കമ്മിറ്റിയുടെ കണ്ടെത്തൽ.
അതോടൊപ്പം സ്വദേശികളും വിദേശികളുമായി നിക്ഷേപകർക്ക് നീരസമുണ്ടാക്കുന്നതാണു പുതിയ റിപ്പോർട്ടിലെ നിർദ്ദേശമെന്നും സെക്യൂരിറ്റി കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത് വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ഒഴുകുന്നതിനു തടസ്സമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏതായാലും സൗദി ശൂറാ സെക്യൂരിറ്റി കമ്മിറ്റിയുടെ വിലയിരുത്തലിനു ശേഷം സൗദി ശൂറാ കൗൺസിലിൽ പുതിയ റിപ്പോർട്ട് വോട്ടിനിടും. തൻ്റെ ഭാഗം ന്യായീകരിക്കാനുള്ള അവസരം റിപ്പോർട്ട് സമർപ്പിച്ച ശൂറ മെംബർക്ക് ലഭിക്കുന്നതോടൊപ്പം റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനവും ശൂറയിൽ നിന്നുണ്ടാകും.
സൗദിയിൽ വരാനിരിക്കുന്ന വിവിധ പദ്ധതികളിൽ വൻ കിട വിദേശ കംബനികളും വ്യക്തികളും നിക്ഷേപത്തിനു സന്നദ്ധരായിരിക്കുന്ന പുതിയ സാഹചര്യത്തിൽ വിദേശികൾക്ക് പ്രതികൂലമായ യാതൊരു തീരുമാനവും ഉണ്ടാകില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa