സൗദി പോലീസ് ഇടപെട്ടു; അക്രമികൾ പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ മലയാളിയെ മോചിപ്പിച്ചു
റിയാദ്: സൗദി തലസ്ഥാന നഗരിക്ക് സമീപം മലയാളിയെ തട്ടിക്കൊണ്ട് പോയി മർദ്ദിക്കുകയും മോചിപ്പിക്കുന്നതിനു പണം ആവശ്യപ്പെടുകയും ചെയ്ത കൊള്ള സംഘത്തെ സൗദി പോലീസിൻ്റെയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടേയും സമയോചിത ഇടപെടൽ മൂലം പിടി കൂടാനും മലയാളിയെ മോചിപ്പിക്കാനും സാധിച്ചു.
എറണാകുളം സ്വദേശി സനൽ കുമാർ പൊന്നപ്പൻ നായരെയായിരുന്നു ആറംഗ അക്രമി സംഘം കാറിൽ തട്ടിക്കൊണ്ട് പോയത്. സനൽകുമാറിൻ്റെ കയ്യിലുണ്ടായിരുന്ന 3500 റിയാൽ അക്രമികൾ കാറിൽ വെച്ച് തന്നെ തട്ടിയെടുത്തിരുന്നു.
ഒരു ഹോട്ടലിലേക്ക് തട്ടിക്കൊണ്ട് പോയ സനൽ കുമാറിനോട് ഭാര്യക്ക് വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെടുകയും 70000 റിയാൽ മോചന ദ്രവ്യം എത്തിച്ച് കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
റിയാദിലെ സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാടൻ്റെ നംബരിൽ ബന്ധപ്പെട്ട സനൽ കുമാറിൻ്റെ ഭാര്യ വിവരം അറിയിക്കുകയും സനലിൻ്റെ സുഹൃത്തിനു അദ്ദേഹം അയച്ച് കൊടുത്ത ലൊക്കേഷൻ ശിഹാബ് കൊട്ടുകാടനു കൈമാറുകയും ചെയ്തു.
തുടർന്ന് എംബസിയിലേക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ എംബസി ഉദ്യോഗസ്ഥരും ശിഹാബ് കൊട്ടുകാടനും സനലിൻ്റെ സുഹൃത്ത് സെബാസ്റ്റ്യനും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും വീഡിയോ കോളിൽ നിന്ന് ലഭിച്ച അക്രമികളുടെ ചിത്രങ്ങൾ പോലീസിനു കൈമാറുകയും ചെയ്തു.
പിന്നീട്, ആവശ്യപ്പെട്ട പണവുമായി ദമാമിൽ നിന്ന് ഒരാൾ വരുന്നുണ്ടെന്നും അത് വരെ കാത്തിരിക്കണമെന്നും സനലിൻ്റെ ഭാര്യ അക്രമികളെ അറിയിച്ചു. ഈ സമയം കൊണ്ട് നേരത്തെ സനൽ അയച്ച ലൊക്കേഷൻ്റെ അടിസ്ഥാനത്തിൽ അക്രമികൾ കഴിഞ്ഞിരുന്ന ഹോട്ടൽ സൗദി പോലീസ് വളയുകയായിരുന്നു.
ഹോട്ടൽ റെയ്ഡ് നടത്തിയ സൗദി പോലീസ് വിദേശികളായ അക്രമികളെയും ഹോട്ടലിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും പിടി കൂടി. അക്രമികളിൽ ഒരാൾ നേരത്തെ സനലിൽ നിന്നും തട്ടിയെടുത്ത 3500 റിയാലുമായി പുറത്ത് പോയിരുന്നു. ഹോട്ടലിൻ്റെ മുകൾ ഭാഗത്ത് കൊണ്ട് പോയി സനലിനെ കംബി കൊണ്ടും മറ്റും മർദ്ദിച്ചതിൻ്റെ പാടുകൾ ശരീരമാസകലം ഉണ്ടായിരുന്നു.
ഏതായാലും സൗദി പോലീസിൻ്റെയും മലയാളീ സാമൂഹ്യ പ്രവർത്തകരുടെയും എംബസി ഉദ്യോഗസ്ഥരുടേയും അവസരോചിത ഇടപെടൽ മൂലം പെട്ടെന്ന് തന്നെ അക്രമികളുടെ പിടിയിൽ നിന്ന് മോചിതനാകാൻ സാധിച്ചത് സനലിനും കുടുംബത്തിനുമൊപ്പം മലയാളീ സമൂഹത്തിനും വലിയ ആശ്വാസമായിരിക്കുകയാണ് .
കഴിഞ്ഞ മാസം ദമാമിൽ ഒരു മലയാളി കുടുംബത്ത്തിന്റെ പാസ്പോർട്ടുകൾ നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേ ദിവസം അക്രമികൾ തട്ടിയെടുത്തത് വാർത്തയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa