സൗദിയിൽ ഇഖാമയും ജോലിയും ശംബളവുമില്ലാതെ 50 ലധികം ഇന്ത്യക്കാർ ദുരിതമനുഭവിക്കുന്നു
സൗദിയിലെ അറാറിൽ ഇഖാമയും ജോലിയും ശമ്പളവമില്ലാതെ അറുപതിലധികം ഇന്ത്യക്കാർ ദുരിതമനുഭവിക്കുന്നു .ഒരു നേരത്തെ ഭക്ഷണത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണിവർ .
ദമാം അൽകോബാർ മുഖ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഖദ് രി ക്ലീനിങ്ങ് കമ്പനിയുടെ അറാർ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്നവരാണ് തമിഴ്നാട് ,ആന്ധ്ര, തെലുങ്കാന ,യു .പി ,ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ .
അറാറിലെ ക്ലീനിങ്ങ് ജോലിയുടെ ഉത്തരവാദിത്വം ഉണ്ടായിരുന്ന കമ്പനി ഇക്കഴിഞ്ഞ ജനുവരിയിൽ അവരുടെ കോൺട്രാക്ട് മുനിസിപ്പാലിറ്റി അധികൃതർ ഇടപെട്ട് ക്യാൻസൽ ചെയ്യുകയായിരുന്നു .
കൃത്യമായ ശമ്പളം നൽകാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ജോലി ചെയ്യാതിരുന്നപ്പോഴാണ് അധികൃതർ ഇടപെട്ടത് .അഞ്ചും പത്തും വർഷമായി കമ്പനിയിൽ സർവ്വീസുള്ള ഇവരിൽ വർഷങ്ങൾക്ക് മുംബ് നാട്ടിൽ നിന്ന് വന്നവരുമുണ്ട് .
പലരും രോഗികളും പ്രായമായവരുമാണ് .കമ്പനി വാഹനത്തിൽ മാലിന്യങ്ങൾ നീക്കുന്നതിനിടയിൽ അപകടത്തിൽ പെട്ട് കൈപ്പത്തി പൂർണ്ണമായും നഷ്ടപ്പെട്ട തെലുങ്കാന സ്വദേശി സതീഷും പുറത്ത് ഭക്ഷണത്തിന് വേണ്ടി അന്വേഷിച്ചിറങ്ങിയപ്പോൾ അജ്ഞാത വാഹനം തട്ടി ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ നയീം എന്ന ബീഹാർ സ്വദേശിയും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
ശമ്പള കുടിശ്ശികയും മറ്റാനുകൂല്യവും ലഭ്യമാക്കി നാട്ടിൽ പോവാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും . എന്നാൽ പലരുടെയും ഇഖാമ രണ്ടും മൂന്നും വർഷം കാലാവധി കഴിഞ്ഞതാണ് .പാസ്പോർട്ടുകൾ തൊഴിലാളികളുടെ കൈവശമുണ്ട് .
മലയാളികളടക്കം നൂറിലധികം വിദേശികൾ ഈ കംബനിയിൽ ജോലി ചെയ്തിരുന്നെങ്കിൽ പലരും പല മാർഗ്ഗങ്ങളിലൂടെ നാടണഞ്ഞു . ഇപ്പോൾ അവശേഷിക്കുന്ന ഏക മലയാളി കമ്പനിയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാനുണ്ടെങ്കിലും സ്വന്തം നിലയിൽ ഇക്കാമ പുതുക്കിയാണ് കഴിയുന്നത് .
നിയമ വിധേയമായി എക്സിറ്റ് ലഭിച്ചില്ലെങ്കിൽ മറ്റേതെങ്കിലും ഗൾഫ് രാജ്യത്ത് ജോലി ലഭിക്കാതാവുമോ എന്ന ഭയമാണ് മലയാളിക്കുള്ളത്. ഭാവിയെ ബാധിക്കുമെന്ന ഭയത്തിലാണ് നാട്ടിൽ നിന്നടക്കം പണം വരുത്തി അദ്ദേഹം ഇഖാമ പുതുക്കാൻ സ്വന്തം നിലയിൽ പണമടച്ച് കാത്ത് നിൽക്കുന്നത്. അദ്ദേഹത്തിന് വൈകാതെ എക്സിറ്റ് ലഭിക്കുമെന്നുറപ്പുണ്ട് .
അതേ സമയം മറ്റുള്ളവരുടെ കാര്യമാണൂ ദയനീയം. സ്വന്തം ശാരീരിക അദ്ധ്വാനം കൊണ്ട് ജീവിച്ച മനുഷ്യർ ഇപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പുറം ലോക്കത്തെ ആശ്രയിക്കുകയാണു .ഇഖാമ എക്സ്പയർ ആയതിനാൽ പുറത്ത് പോയി ജോലി ചെയ്യാനും സാധിക്കുന്നില്ല . ആരും ജോലി കൊടുക്കാൻ തയ്യാറാവുകയുമില്ല .
അതോടൊപ്പം കമ്പനി അറാറിലെ പ്രവർത്തനം അവസാനിപ്പിച്ച് മറ്റൊരു കമ്പനി കരാർ ഏറ്റെടുത്തതോടെ നിലവിലുള്ള താമസ സൗകര്യം പോലും നഷ്ടപ്പെടും എന്ന ഭയത്തിലാണ് തൊഴിലാളികൾ .എങ്ങനെയെങ്കിലും നാട്ടിലെത്താൻ ആരെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയിലാണവർ .
തൊഴിലാളികൾ ഒറ്റക്കും കൂട്ടായും അറാർ ഗവർണറേറ്റിനെ സമീപിക്കുകയും അവരുടെ പരാതി അറാർ തൊഴിൽ വകുപ്പിലേക്ക് കൈമാറ്റപ്പെടുകയും ചെയ്തിട്ടുണ്ട് .കമ്പനി അധികൃതരുമായി ബന്ധപ്പെട്ട വകുപ്പ് ഇടപെടൽ നടത്തി അനുകുല തീരുമാനം ഉണ്ടാവുന്നെ പ്രതീക്ഷയിലാണിപ്പോൾ .അടിയന്തിരമായി എംബസി ഉദ്യോഗസ്ഥർ ക്യാമ്പ് സന്ദർശിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത് .
സ്ഥിതിഗതികൾ മനസ്സിലാക്കി അറാറിലെ മലയാളി സമൂഹം ഉണർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട് .ലോക കേരള സഭ അംഗം കുഞ്ഞമ്മദ് കുരാച്ചുണ്ട് , അറാർ പ്രവാസി സംഘം നേതാക്കളായ സുനിൽ അജിയാദ്, അക്ബർ അങ്ങാടിപ്പുറം ,അയൂബ് തിരുവല്ല ,ഗോപൻ നടുക്കാട് ,സുനിൽ അരീക്കോട് ,റഷീദ് പരിയാരം, ബിനോയ് ,സഹദേവൻ ,സോമരാജ് ,അനിൽ മാമ്പ്ര, ദേവൻ ,ജനാർദ്ദനൻ പാലക്കാട് , ബോബി കൈലാത്ത് എന്നിവർ തൊഴിലാളി ക്യാമ്പ് സന്ദർശിക്കുകയും വിശദാംശങ്ങൾ ശേഖരിക്കുകയും താൽക്കാലികമായി ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകിയിട്ടുണ്ട് .മറ്റു സംഘടനകളും രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത് .എംബസി അധികൃതരുമായും അറാറി ലെ സാമൂഹ്യ പ്രവർത്തകർ ബന്ധപ്പെട്ട് വരുന്നു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa