കേരളത്തിൽ നിന്ന് 30 വിമാന സർവീസുകൾ കൂടുതൽ വരുന്നു
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച വിമാനക്കമ്പനികളുടെ യോഗത്തിൽ വിമാനക്കമ്പനികൾ ഉറപ്പ് നൽകി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ വൻ കുറവ് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിലായിരുന്നു സർവ്വീസ് വർദ്ധിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചത്. ഇത് സംബന്ധിച്ച മുഖ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ വായിക്കാം.
”വിമാനക്കമ്പനികള്‍ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം മുപ്പത് വിമാന സര്‍വീസുകള്‍ കൂടുതലായി ഉണ്ടാവുമെന്ന് വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഉറപ്പു നല്‍കി. അടുത്ത മൂന്നു മാസത്തിനകം ഇത് നിലവില്‍ വരും. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് അധികമായി അഞ്ച് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നും സിവില്‍ ഏവിയേഷന്‍ സെക്രട്ടറി അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് വിമാനക്കമ്പനികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചത്.
ആഭ്യന്തര റൂട്ടിലും അന്താരാഷ്ട്ര റൂട്ടിലും തിരുവനന്തപുരത്തുനിന്ന് ശരാശരി 90 ശതമാനം യാത്രക്കാര്‍ ഓരോ ഫ്ളൈറ്റിലും യാത്ര ചെയ്യുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താളങ്ങളില്‍ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അത് ചെയ്താല്‍ കൂടുതല്‍ ലാഭകരമായി സര്‍വീസ് നടത്താന്‍ കമ്പനികള്‍ക്ക് കഴിയും.
ഗള്‍ഫ് മേഖലയിലേക്കും മറ്റു നഗരങ്ങളിലേക്കും വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്ന കാര്യവും യോഗത്തില്‍ ഉന്നയിച്ചു. ഉത്സവ സീസണില്‍ മൂന്നു മുതല്‍ അഞ്ചിരട്ടി വരെയാണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. 2017 മെയില്‍ വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ ഉണ്ടായ ധാരണയ്ക്ക് വിരുദ്ധമാണിത്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരെ നിരക്ക് വര്‍ധന കൂടുതല്‍ പ്രയാസത്തിലാക്കുന്നു. ഉത്സവ സീസണില്‍ മുന്‍കൂട്ടി അധിക ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. അതുകൊണ്ട് ഉത്സവ സീസണിലെ ഷെഡ്യൂള്‍ നേരത്തെ പ്രഖ്യാപിക്കണം. അമിത നിരക്ക് ഈടാക്കുന്നതു തടയാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇടപെടണം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗള്‍ഫിലൂടെയല്ലാതെ നേരിട്ടുള്ള വിമാനസര്‍വ്വീസ് വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.
സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സര്‍വീസുകള്‍ തിരുവനന്തപുരത്തുനിന്നും മറ്റ് വിമാനത്താവളങ്ങളില്‍ നിന്നും ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ തയ്യാറായാല്‍ വിമാന ഇന്ധന നികുതി നിരക്ക് ഇനിയും കുറയ്ക്കാന്‍ കേരളം സന്നദ്ധമാണെന്നറിയിച്ചു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ, വിസ്താര എയര്‍, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, എയര്‍ അറേബ്യ, ഫ്ളൈ ദുബായ്, കുവൈത്ത് എയര്‍വേയ്സ്, ഒമാന്‍ എയര്‍, ഗള്‍ഫ് എയര്‍, അലയന്‍സ് എയര്‍, മെലിന്‍ഡോ എയര്‍, ഖത്തര്‍ എയര്‍വേയ്സ്, ഇത്തിഹാദ്, എമിറേറ്റ്സ്, എയര്‍ ആസ്ത്രേലിയ, സില്‍ക്ക് എയര്‍ തുടങ്ങിയ വിമാനക്കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.”
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa