Sunday, September 22, 2024
Saudi ArabiaTop Stories

ലെവി ഇളവ്: 8 ലക്ഷം വിദേശികൾക്ക് ആനുകൂല്യം,ഇളവ് ലഭിക്കുന്ന പ്രധാന വ്യവസായ മേഖലകൾ അറിയാം

അടുത്ത 5 വർഷത്തേക്ക് വ്യവസായ ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഒഴിവാക്കിക്കൊണ്ടുള്ള സൗദി മന്ത്രി സഭയുടെ തീരുമാനത്തിൻ്റെ പ്രയോജനം 8,37,485 വിദേശികൾക്ക് ലഭിച്ചേക്കും.

കഴിഞ്ഞ ദിവസം സൗദിയിലെ പ്രമുഖ ദിനപത്രം പുറത്ത് വിട്ട കണക്ക് പ്രകാരം 12,11,982 തൊഴിലാളികളാണ് വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 8,37,485 തൊഴിലാളികളും വിദേശികളാണ് .

നിലവിൽ സൗദിയിൽ 1,12,785 വ്യവസായ സ്ഥാപനങ്ങളാണുള്ളത്. ഈ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വെറും 100 റിയാൽ മാത്രമായിരിക്കും അടുത്ത 5 വർഷത്തേക്കുള്ള ലെവി. അതേ സമയം സൗദിവത്ക്കരണ തോതിലെ കുറവിനനുസരിച്ച് ലെവി ചാർജ്ജിൽ മാറ്റം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

റിയാദ്, മക്ക, ശർഖിയ എന്നീ പ്രവിശ്യകളിലുള്ള വ്യവസായ സ്ഥാപനങ്ങൾക്കാണു ലെവി ഇളവിൻ്റെ ആനുകൂല്യം ഏറ്റവും കൂടുതൽ ലഭികുക. സൗദിയിലുള്ള ആകെ വ്യവസായ സ്ഥാപനങ്ങളിലെ മൂന്നിൽ രണ്ട് ഭാഗവും ഈ മൂന്ന് പ്രവിശ്യകളിലാണുള്ളത്.

റിയാദിൽ 27,495 ഉം മക്ക പ്രവിശ്യയിൽ 27,527 ഉം കിഴക്കൻ പ്രവിശ്യയിൽ 19,750 ഉം വ്യവസായ സ്ഥാപനങ്ങളാണുള്ളത്. മദീനയിൽ 6.9 ശതമാനവും നോർത്തേൺ ബോഡറിൽ 1 ശതമാനവും മാത്രമാണു വ്യവസായ സ്ഥാപനങ്ങളുള്ളത്.

34 ഇനം വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നിലവിൽ പ്രധാനമായും ലെവി ഇളവ് ലഭിക്കുമെന്നാണു റിപ്പോർട്ടിലെ സൂചന.

വസ്ത്ര നിർമ്മാണം, ലോഹ ഉത്പന്നങ്ങളുടെ നിർമ്മാണം, മെഷിനറി & എക്യുപ്മെൻ്റ് മേഖല, ഭക്ഷണ ഉത്പന്നങ്ങളുടെ ഉത്പാദനം, ഫർണീച്ചർ വ്യവസായം എന്നീ മേഖലകളിലാണു കൂടുതൽ വ്യവസായ സ്ഥാപനങ്ങളൂം നിലവിലുള്ളത്.

വസ്ത്ര മേഖലയിൽ 32,000 ത്തിലധികവും ലോഹ ഉത്പന്നങ്ങളുടെ നിർമ്മാണ മേഖലയിൽ 21000 ത്തിലധികവും, മെഷിനറി & എക്യുപ്മെൻ്റ് മേഖലയിൽ 12,000 ത്തിലധികവും ഭക്ഷണോത്പന്നങ്ങളുടെ ഉത്പാദന മേഖലയിൽ 11,000 ത്തിലധികവും ഫർണീച്ചർ മേഖലയിൽ 10,000 ത്തിനടുത്തും സ്ഥാപനങ്ങളാണു നിലവിലുള്ളത്. മുകളിൽ പരാമർശിച്ചവയിൽ ഇൾപ്പെടാത്ത മറ്റു വിവിധ വ്യവസായ മേഖലകളിലുള്ള തൊഴിലാളികൾക്കും ലെവി ഇളവ് ലഭിച്ചേക്കും.

ലെവി ഇളവ് പ്രഖ്യാപിച്ചതോടെ സൗദിയിലെ വ്യവസായ മേഖലയും അതിനോടനുബന്ധിച്ച് മറ്റു വ്യാപാര മേഖലകളും വലിയ ഒരു മാറ്റത്തിനു തന്നെ സാക്ഷ്യം വഹിക്കുമെന്നാണു വിലയിരുത്തൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്